കേരള ചരിതം ഒന്നാം ഖണ്ഡം: സദാശിവ അവതാരവും ബാറിലെ മാണിക്യവും

ഗവര്‍ണ്ണര്‍ പി സദാശിവത്തിനെതിരെയുള്ള കോണ്‍ഗ്രസ്സിന്‍റെ പടയൊരുക്കവും ബാര്‍ ലൈസന്‍സിലെ കോഴയും അവസാനം പതിവുപോലെ പിസി ജോര്‍ജ് അവതരിച്ചതുമാണ് മലയാളക്കരയിലെ ഈയാഴ്ചത്തെ പ്രധാന സംഭവവികാസങ്ങള്‍. ഇതെല്ലാം കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. നമ്മള്‍ പ്രവര്‍ത്തിച്ചാലും കുറ്റം, ഇല്ലെങ്കിലും കുറ്റം എന്ന്‍ പണ്ടാരോ പറഞ്ഞത് എത്ര ശരിയാണ്. ഗവര്‍ണ്ണര്‍ പ്രവര്‍ത്തിച്ചതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെങ്കില്‍ മാണി പറഞ്ഞത് പോലെ പ്രവര്‍ത്തിക്കാതിരുന്നതാണ് ബാര്‍ ഉടമകളെ വേദനിപ്പിച്ചത്.

നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്ന ആളുകളെ കോണ്‍ഗ്രസ്സിന് അല്ലെങ്കിലും പണ്ടേ കണ്ടു കൂടാ. ഹരിയാനയിലെ അശോക് കേംകയും നമ്മുടെ പാവം രാജു നാരായണ സ്വാമിയും ശശി തരൂരുമെല്ലാം അതിന്‍റെ ജീവിക്കുന്ന രക്ത സാക്ഷികളാണ്. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്ത സ്വന്തം അമ്മായിഅപ്പന്‍റെ വീടിന്‍റെ ഗേറ്റ് തല്ലി തകര്‍ത്ത് വാഹനം പിടിച്ചെടുത്ത സ്വാമിയുടെ സത്യസന്ധതയെ മാലോകര്‍ പാടിപ്പുകഴ്ത്തിയെങ്കിലും സര്‍വീസിലെ ശിക്ഷാ നടപടികള്‍ കൊണ്ടാണ് അന്നത്തെ ആന്‍റണി സര്‍ക്കാര്‍ അദ്ദേഹത്തെ നേരിട്ടത്. സ്വാമിയുടെ അടുത്ത ഉന്നം ലീഗ് നേതാവും അന്നത്തെ കാസര്‍ഗോഡ് എംഎല്‍എയും മന്ത്രിയുമൊക്കെയായ ചേര്‍ക്കളം അബ്ദുള്ളയാണ് എന്ന്‍ തിരിച്ചറിഞ്ഞപ്പോഴായിരുന്നു അത്.

തരൂരാണെങ്കില്‍ ഡല്‍ഹിയിലും ഇന്ദിരാ ഭവനിലുമായി അടങ്ങിയൊതുങ്ങിയിരിക്കാതെ ചൂലുമെടുത്ത് തിരുവനന്തപുരത്തെ റോഡുകള്‍ അടിച്ചുവാരാന്‍ ഇറങ്ങുന്നു എന്ന വാര്‍ത്തയാണ് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും സുധീരനെയും ഒരുപോലെ വേദനിപ്പിച്ചത്. അല്ലെങ്കില്‍ തന്നെ തരൂര്‍ജിക്ക് ഇതിന്‍റെ വല്ല ആവശ്യവുമുണ്ടോ ? എഴുത്തും വായനയും പാര്‍ട്ടിയുടെ വക്താവ് പണിയും ട്വിറ്ററുമൊക്കെയായി ഏതെങ്കിലും എസി മുറിയില്‍ ചടഞ്ഞിരുന്നാല്‍ പോരെയെന്ന് ഏതെങ്കിലും കോണ്‍ഗ്രസ്സുകാരന്‍ ചോദിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല.

നിയമമറിയാമെങ്കിലും ഈ ചരിത്രം അറിയാതെ പോയതാണ് പി സദാശിവത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ്. ചുരുങ്ങിയ പക്ഷം ഡല്‍ഹിയില്‍ നിന്ന്‍ വിമാനം കയറുന്നതിന് മുമ്പ് ഷീലാജിയോട് കാര്യങ്ങള്‍ ചോദിച്ചറിയുകയെങ്കിലും ചെയ്യാമായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന്‍ രാജ്ഭവനിലേക്കുള്ള വഴിയറിയില്ലെങ്കിലും കുമരകത്തിന്‍റെയും മൂന്നാറിന്‍റെയും വൈവിധ്യങ്ങള്‍ കൃത്യമായി അറിയാവുന്ന ആളാണ് അവര്‍. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും രക്ഷപ്പെടാത്ത സര്‍വ്വകലാശാലകളെ നന്നാക്കാന്‍ ഇറങ്ങിയ സദാശിവത്തിന് പകരം സര്‍ക്കാര്‍ കൊടുക്കുന്ന ഫയലുകള്‍ മറുത്തൊന്നും ചോദിക്കാതെ ഒപ്പിട്ടു കൊടുത്തിരുന്ന മുന്‍ കാല ഗവര്‍ണ്ണര്‍മാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍ എന്ന്‍ ഹസ്സന്‍ജിയെ പോലുള്ളവര്‍ ആശിക്കുന്നത് സ്വാഭാവികം. എങ്കിലും ഗവര്‍ണ്ണര്‍ എന്നു പറയുന്ന ഒരാള്‍ കേരളത്തില്‍ ഉണ്ടെന്ന് സാധാരണക്കാര്‍ അറിഞ്ഞത് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളിലാണെന്നത് പറയാതെ വയ്യ. പൊതു പരിപാടികളില്‍ നിലവിളക്ക് കൊളുത്താനും അറ്റകൈക്ക് സര്‍ക്കാരിനെ പിരിച്ചു വിടാനും മാത്രമുള്ള ആള്‍ എന്നാണ് നിരക്ഷരകുക്ഷികളായ ജനങ്ങള്‍ പൊതുവേ ആ പദവിയെക്കുറിച്ച് ധരിച്ചു വച്ചിരുന്നത്. ഏതായാലും ആ തെറ്റിദ്ധാരണ ഇപ്പോള്‍ മാറിക്കിട്ടി.

 

418 ബാറുകള്‍ തുറക്കാനായി കേരളത്തിലെ ഒരു മന്ത്രിക്ക് ഒരു കോടി രൂപ കോഴ കൊടുത്ത കാര്യം ഇന്നലെയാണ് ഒരു ബാര്‍ അസോസിയേഷന്‍ ഭാരവാഹി വെളിപ്പെടുത്തിയത്. ആളുടെ പേര് അദ്ദേഹം ആദ്യം വെളിപ്പെടുത്തിയില്ലെങ്കിലും മന്ത്രിയുടെ പേരിന്‍റെ ആദ്യ അക്ഷരം മാങ്ങയിലും രണ്ടാമത്തെ അക്ഷരം കലാഭവന്‍ മണിയിലും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് പിടികിട്ടി. പാലായുടെ മാണിക്യമാണത്രേ ആ വലിയ പുള്ളി. അഞ്ചുകോടി അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ദാരിദ്ര്യം കാരണം പാവം ബാറുടമകള്‍ക്ക് ഒരു കോടിയേ കൊടുക്കാന്‍ കഴിഞ്ഞുള്ളൂ. ആദ്യം പതിനഞ്ചും പിന്നീട് എണ്‍പത്തഞ്ചുo പാലായിലെ വീട്ടില്‍ വച്ച് മന്ത്രിക്ക് കൊടുത്തെന്നു പറഞ്ഞ ബാറുടമ പക്ഷേ ബ്ലാക്ക് എത്ര വൈറ്റ് എത്ര എന്നു വ്യക്തമാക്കിയില്ല. മുഴുവനും ബ്ലാക്ക് തന്നെയായിരിക്കുമെന്ന പരമാര്‍ഥം ഷാജി കൈലാസിന്‍റെ തട്ടു പൊളിപ്പന്‍ സിനിമകള്‍ കാണുന്ന ഏതൊരാള്‍ക്കും മനസിലാകും.

ഒട്ടും വൈകിയില്ല, ആരോപണ പ്രത്യാരോപണങ്ങളുമായി കേരള കോണ്‍ഗ്രസ്സിന്‍റെ പടക്കുതിരയും മാണിയുടെ പഴയ ശത്രുവും ഇപ്പോഴത്തെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ പിസി ജോര്‍ജ്ജ് നേരിട്ട് അവതരിച്ചു. മാണി സഖാവ് അങ്ങനെ ചെയ്യില്ലെന്നും എല്ലാം ഉമ്മന്‍ ചാണ്ടിയുടെ കുതന്ത്രങ്ങളാണെന്നും അദ്ദേഹം ആണയിട്ട് പറഞ്ഞു. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് പോകാതിരിക്കാനാണത്രേ മുഖ്യന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഏതായാലും ജോര്‍ജ്ജ് ഇക്കുറി ചെന്നിത്തലയെയും സോണിയാജിയെയുമൊക്കെ വെറുതെ വിട്ടു. സംഭവം അവര്‍ അറിഞ്ഞിട്ടില്ല. ഭാഗ്യം. അതുകൊണ്ട് ഇത്തവണ അവര്‍ക്കു ജോര്‍ജ്ജിന്‍റെ നാവിന്‍റെ മൂര്‍ച്ച അറിയേണ്ടി വന്നില്ല. കോഴ ആരോപണം നിഷേധിച്ചുകൊണ്ടുള്ള കെ എം മാണിയുടെ പ്രസ്താവനയും തൊട്ട് പിന്നാലെയെത്തി. ജോര്‍ജ്ജിനെ പാടെ തള്ളാതിരുന്ന അദ്ദേഹം യുഡിഎഫുകാര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചനയാണ് എല്ലാത്തിനും പിന്നിലെന്ന സൂചനയും നല്‍കി.

അടുത്തകാലത്തായി സംസ്ഥാനത്ത് എല്ലാവര്‍ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഇന്ദിരാ ഭവനില്‍ നിന്ന്‍ നേരിട്ടാണ്. സദാശിവത്തിന് മോശം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കെപിസിസി വൈസ് പ്രസിഡന്‍റ് എം എം ഹസ്സനായിരുന്നുവെങ്കില്‍ മാണിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുത്തത് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണ്. ഉമ്മന്‍ ചാണ്ടി പ്രതി സ്ഥാനത്ത് വന്നത് കൊണ്ടാണ് തങ്കച്ചന്‍ ഉടനടി സര്‍ട്ടിഫിക്കറ്റ് കൊടുത്തതെന്ന് കുബുദ്ധികള്‍ പ്രചരിപ്പിക്കുമെങ്കിലും സത്യം അതല്ല. കഴിഞ്ഞ അമ്പത് വര്‍ഷമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മാണിയുടെ സ്വഭാവ ശുദ്ധിയില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ വിശ്വാസമുണ്ട്. ചില ബിജെപിക്കാര്‍ പറഞ്ഞത് പോലെ പാലയിലെ മാണിക്യം എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ലെന്നെയുള്ളൂ. മാണി സിപിഎമ്മുകാര്‍ നോട്ടമിടുന്ന മാണിക്യമാണെങ്കില്‍ സദാശിവം മോദിയുടെ ഏജന്‍റാണെന്നാണ് ഇന്ദിരാ ഭവനിലെ അകത്തളങ്ങളിലെ വര്‍ത്തമാനം.

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *