ആത്മീയ വേഷമിട്ട് രാഷ്ട്രീയം പറയുന്നവര്‍

ആത്മീയ വേഷമിട്ട് രാഷ്ട്രീയം പറയുന്നവര്‍ 1

 

ലൌകിക ജീവിതത്തിലെ സര്‍വ്വ സുഖസൌകര്യങ്ങളും ത്യജിച്ച് പ്രപഞ്ച സൃഷ്ടാവായ ഈശ്വരനില്‍ ലയിച്ചും അര്‍പ്പിച്ചും കഴിയുന്നവരെയാണ് സന്ന്യാസിമാര്‍ എന്നു പറയുന്നത്. ആത്മീയതയുടെ പര്യായമായ അത്തരം ഗുരുക്കന്മാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതലേ ഭാരതീയ സംസ്കാരത്തിന്‍റെ ഭാഗമാണ്. അതില്‍ ചിലര്‍ ദൈവത്തെ ഉപാസിച്ചും മറ്റുള്ളവര്‍ക്ക് നല്ലത് പറഞ്ഞു കൊടുത്തും സമയം ചെലവഴിച്ചെങ്കില്‍ മറ്റു ചിലര്‍ സാമൂഹിക ആതുര സേവന രംഗങ്ങളില്‍ മുന്നിട്ടിറങ്ങി. രമണ മഹര്‍ഷിയും സ്വാമി ശങ്കരാചാര്യരും ശ്രീരാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനുമെല്ലാം സനാതന ധര്‍മ്മത്തെയും ഹിന്ദുത്വത്തെയും ലോകം മുഴുവന്‍ പ്രചരിപ്പിച്ചു.

മേല്‍ പറഞ്ഞവര്‍ ആത്മീയതയും സാഹോദര്യവുമാണ് എല്ലാവര്‍ക്കും പകര്‍ന്നു കൊടുത്തതെങ്കില്‍ ഇന്നത്തെ സന്ന്യാസ സഭകള്‍ പലപ്പോഴും രാഷ്ട്രീയവും വിദ്വേഷവുമാണ് പ്രചരിപ്പിക്കുന്നത്. പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ച യഥാര്‍ത്ഥ സന്ന്യാസിമാര്‍ ഇവിടെ ചവറ്റുകൊട്ടയിലാകുന്നു. രാഷ്ട്രീയം പറയുന്ന, വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ആത്മീയ കച്ചവടക്കാര്‍ക്കാണ് എവിടേയും മാര്‍ക്കറ്റ്.

യോഗാ ഗുരു ബാബ രാംദേവ് ഏറെ നാളായി രാഷ്ട്രീയ രംഗത്ത് സജീവമാണ്. അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളുടെ മുന്നിലേക്ക് വന്ന അദ്ദേഹം വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടു വരണം എന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തിയും വാര്‍ത്തകള്‍ സൃഷ്ടിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ പലപ്പോഴായി രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച അദ്ദേഹം 2009ല്‍ സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധിയെ പരസ്യമായി ചോദ്യം ചെയ്യാനും മറന്നില്ല.

ആത്മീയ വേഷമിട്ട് രാഷ്ട്രീയം പറയുന്നവര്‍ 2

ബാബ രാംദേവിന് അനവധി സ്ഥാപനങ്ങളും സ്കോട്ട് ലന്‍റിന് സമീപം കോടികള്‍ വിലമതിപ്പുള്ള സ്വകാര്യ ദ്വീപും സ്വന്തമായുണ്ട്. യോഗ പ്രചരിപ്പിക്കാനായി അദ്ദേഹം സ്ഥാപിച്ച പതഞ്ജലി യോഗപീഠിന്‍റെ യുകെയിലെ നടത്തിപ്പുകാരായ ഇന്ത്യന്‍ വംശജ ദമ്പതികളാണ് ദ്വീപ് അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്. ഇരുന്നൂറോളം വ്യവസായ സംരംഭങ്ങള്‍ അനുയായികള്‍ വഴി ബാബ രാംദേവ് നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

യോഗ ഗുരു എന്നാണ് അറിയപ്പെടുന്നതെങ്കിലും കുറച്ചു നാളായി നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരകന്‍റെ റോളിലാണ് ബാബ രാംദേവ് പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. കിട്ടുന്ന വേദികളിലെല്ലാം കോണ്‍ഗ്രസ്സിനെയും ആം ആദ്മിയെയും ആക്രമിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട് അടുത്തിടെ വിവാദമായ മധുവിധു പരാമര്‍ശവും രാം ദേവ് നടത്തി. അതൊക്കെ ഒരു സന്ന്യാസിയുടെ ഭാഷയാണോ എന്നൊന്നും ആരും ചോദിക്കരുത്. കാരണം ഇന്ന്‍ ആത്മീയത വലിയ ഒരു കച്ചവടമാണ്. അവിടെ മൃദു ഭാഷണത്തിനും ദൈവികതയ്ക്കും യാതൊരു സ്ഥാനവുമില്ല.

രാംദേവിന്‍റെയത്ര കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയില്ലെങ്കിലും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറും തന്‍റെ വേദികള്‍ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കാറുണ്ട്. ആം ആദ്മികള്‍ അരാഷ്ട്രീയ വാദികളാണെന്നും കോണ്‍ഗ്രസ് അഴിമതിക്കാരാണെന്നും പറഞ്ഞ അദ്ദേഹം നരേന്ദ്ര മോഡിയാണ് അധികാരത്തില്‍ എത്താന്‍ യോഗ്യനെന്ന് പലകുറി പറഞ്ഞു. തുടര്‍ച്ചയായി നടന്ന മുങ്ങിക്കപ്പല്‍ ദുരന്തങ്ങളുടെ പേരില്‍ എകെ ആന്‍റണിയെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.

ആത്മീയ വേഷമിട്ട് രാഷ്ട്രീയം പറയുന്നവര്‍ 3

കാവിയിട്ടവരെല്ലാം ഹിന്ദുത്വത്തിന്‍റെ മുന്നണി പോരാളികളാണെന്നാണ് ബിജെപിയും ആര്‍എസ്എസുമൊക്കെ പറയുന്നത്. അത്തരക്കാര്‍ക്കെതിരെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അത് വിദേശ ശക്തികളുടെ ഗൂഡാലോചനയാണെന്നും അവര്‍ പറയും. അമൃതാനന്ദമയി മഠത്തിനെതിരെ പഴയ ശിഷ്യ ഗെയില്‍ ട്രേഡ്വെല്‍ ആരോപണം ഉന്നയിച്ചപ്പോള്‍ അത് അന്വേഷിക്കുക പോലും ചെയ്യാതെ എഴുത്തുകാരിയെ ആക്രമിക്കാനാണ് വിവിധ ജാതി മത സംഘടനകള്‍ ഉല്‍സാഹം കാണിച്ചത്. മുമ്പൊരിക്കല്‍ മഠത്തിന്‍റെ രഹസ്യങ്ങള്‍ തിരഞ്ഞു ചെന്ന ഒരു വ്യക്തിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിട്ടത് സാക്ഷാല്‍ എകെ ആന്‍റണിയാണ്. ശങ്കര്‍ രാമന്‍ വധക്കേസില്‍ കാഞ്ചി ശങ്കരാചാര്യരെ അറസ്റ്റ് ചെയ്ത തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെയും ആരോപണങ്ങളുടെ പെരുമഴ തന്നെയുണ്ടായി. സംഭവത്തിന്‍റെ പേരില്‍ ബിജെപി എഐഡിഎംകെയുമായുള്ള ബന്ധം പോലും ഉപേക്ഷിച്ചു.

ഒരാള്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്‍റെ പ്രചാരകനാണെങ്കില്‍ കൊടും കുറ്റവാളിയാണെങ്കില്‍ പോലും അയാളെ വെറുതെ വിടണമെന്നാണ് ജനാധിപത്യ ഇന്ത്യയിലെ അലിഖിത നിയമം. അത് ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യന്‍ ആയാലും ശരി അവര്‍ നിയമത്തിന് അതീതരാണ്. 2007ലെ സംജോത്ത എക്സ്പ്രസ് സ്ഫോടനത്തിലും 2008ലെ മാലേഗാവ് സ്ഫോടനത്തിലും അജ്മീര്‍ ദര്‍ഗ ആക്രമണത്തിലും കോയമ്പത്തൂര്‍ ബോംബ് സ്ഫോടനത്തിലുമെല്ലാം കുറ്റവാളികള്‍ക്ക് വേണ്ടി വാദിക്കാനും അവര്‍ നിരപരാധികളാണെന്ന് സ്ഥാപിക്കാനും പലരും ശ്രമിച്ചു. ഒറീസയില്‍ ക്രിസ്ത്യന്‍ മിഷിനറിയെയും പിഞ്ചു കുഞ്ഞുങ്ങളെയും ചുട്ടുകരിച്ച ദാരാസിങ്ങ് എന്ന കൊടും കുറ്റവാളി ചില ആളുകള്‍ക്ക് ഹീറോയുമായി.

ആത്മീയതയുടെ മുഖംമൂടിയണിഞ്ഞ ഇത്തരം രാഷ്ട്രീയ പ്രചാരകര്‍ എല്ലാ മതങ്ങളിലുമുണ്ട്. അവര്‍ തങ്ങളുടെ താല്പര്യങ്ങള്‍ നേടിയെടുക്കാനായി വോട്ട്ബാങ്ക് എന്ന ആയുധമുപയോഗിച്ച് മാറി മാറി വരുന്ന ഭരണകൂടങ്ങളെയും രാഷ്ട്രീയ കക്ഷികളെയും ഭീഷണിപ്പെടുത്തുന്നു. വഴങ്ങാത്തവരെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നു. പക്ഷേ അത്തരം ആഹ്വാനങ്ങള്‍ക്ക് ഒരു വിലയുമില്ലെന്ന് കേരളത്തിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. പ്രമുഖ ജാതീയ സംഘടനകളുടെ പിന്തുണയുണ്ടായിട്ടും യുഡിഎഫ് അധികാരത്തിലെത്തിയത് വെറും രണ്ട് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ്. പെരുന്നയിലെ സംഘടന മുഖ്യമന്ത്രിയാക്കാന്‍ കണ്ടു വച്ചിരുന്ന നേതാവിന് ഭരണ വിരുദ്ധ വികാരത്തിലും അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ദൈവിക ചിന്ത മാത്രം പ്രചരിപ്പിക്കേണ്ട യോഗീവര്യന്‍മാര്‍ ജാതി സംഘടനകളെ പോലെ എന്തിലും ഏതിലും ഇടപെടുന്നത് അത്ര നന്നല്ല. രാമനെയും മുഹമ്മദിനെയും കുറിച്ച് സംസാരിക്കേണ്ട അവര്‍ മധുവിധുവിനെക്കുറിച്ചും ബലാല്‍സംഗത്തെയും കുറിച്ച് പറഞ്ഞ് വികട സരസ്വതിയെ പോലും കളിയാക്കുന്നു. ഡല്‍ഹി കൂട്ട മാനഭംഗ സമയത്ത് പെണ്‍കുട്ടിയെ കുറിച്ച് ആശാറാം ബാപ്പു എന്ന ആത്മീയാചാര്യന്‍ പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു.

നിത്യാനന്ദ കാട്ടിക്കൂട്ടിയത് എന്തൊക്കെയാണെന്ന് ടിവി ചാനലുകളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. എന്നിട്ടും പറ്റിക്കപ്പെടാന്‍ തയ്യാറായി നടക്കുന്ന ഒരു വലിയ സമൂഹം അവരെ ആരാധിക്കുന്നു, ദൈവത്തെ പോലെ ഉപാസിക്കുന്നു. കള്ളപ്പണത്തെ കുറിച്ച് വാതോരാതെ വിലപിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഇത്തരം കച്ചവട കേന്ദ്രങ്ങളില്‍ കുമിഞ്ഞു കൂടി കിടക്കുന്ന കോടികളുടെ കള്ളപ്പണത്തെ കുറിച്ചോ അവിടെ ഒളിച്ചു കഴിയുന്നു എന്നു പറയപ്പെടുന്ന ക്രിമിനലുകളെ കുറിച്ചോ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നു പറയുന്നത് ഇതിനെയാണ്. അത്തരം കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍ ഭാരതീയ സംസ്കാരവും എന്തിന് ഉദാത്തമായ ഈശ്വര സങ്കല്‍പ്പം പോലും നിഷ്പ്രഭമാകുന്നു.

The End

[My article originally published in Britishpathram on 05.05.2014]

Leave a Comment

Your email address will not be published. Required fields are marked *