സര്‍ക്കാര്‍ തമിഴക രാഷ്ട്രീയത്തിന് നേരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

sarkar tamil movie

രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്ന സിനിമകള്‍ മലയാളത്തില്‍ ഒരുപാടുണ്ടായിട്ടുണ്ട്. എണ്‍പതുകളില്‍ ഐവി ശശി-ടി ദാമോദരന്‍ കൂട്ടുകെട്ടിലും തൊണ്ണൂറുകളില്‍ ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടിലും പിറന്ന അനവധി സിനിമകള്‍ അക്കാലത്തെ സമകാലിക രാഷ്ട്രീയത്തെ ഗൌരവപൂര്‍വ്വം ചര്‍ച്ച ചെയ്തവയാണ്. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ കരുണാകരന്‍  മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ വരെ വിവിധ സിനിമകളിലൂടെ തൂലിക കൊണ്ടുള്ള വിചാരണയ്ക്ക് വിധേയരായിട്ടുണ്ട്. ആ ചിത്രങ്ങള്‍ ജനമനസുകളില്‍ സൃഷ്ടിച്ച സ്വാധീനം വിസ്മരിക്കാവുന്നതല്ല.

തമിഴ്നാട്ടിലെ രാഷ്ട്രീയവും സിനിമയും പക്ഷേ തീര്‍ത്തും വ്യത്യസ്ഥമാണ്. രാഷ്ട്രീയം പ്രതിപാദ്യ വിഷയമായ ചിത്രങ്ങള്‍ അവിടെ നിരവധി വന്നിട്ടുണ്ടെങ്കിലും അവയെല്ലാം സാങ്കല്‍പ്പിക വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. നേതാക്കളുടെ നേര്‍ചിത്രം വരച്ചു കാട്ടാനോ ഭരണകൂടത്തെ വിമര്‍ശിക്കാനോ തമിഴകത്തെ തലതൊട്ടപ്പന്‍മാര്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. രജനികാന്ത്-ജയലളിത പോര് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ സമയത്ത് പോലും അതിന് മാറ്റം വന്നില്ല. ഇരുവരുടെയും ഏറ്റുമുട്ടല്‍ വെള്ളിത്തിരയില്‍ ചിത്രീകരിച്ച പടയപ്പയില്‍ സൂപ്പര്‍താരം കൂടെയുണ്ടായിട്ടും എല്ലാം വ്യംഗ്യമായി സൂചിപ്പിക്കാന്‍ മാത്രമാണ് സംവിധായകനായിരുന്ന കെ എസ് രവികുമാര്‍ തയ്യാറായത് എന്നോര്‍ക്കുക. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കണ്ടിരുന്ന നേതാക്കള്‍ തമിഴകത്ത് മാത്രമല്ല കേരളത്തിന് പുറത്തുള്ള മിക്ക ഭാഷാ സിനിമകളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

കെ കരുണാകരന്‍റെ ആശ്രിത വാല്‍സല്യവും ആന്‍റണിയുടെ നിശബ്ദതയും നായനാരുടെ സംസാരശൈലിയുമെല്ലാം മലയാള സിനിമയില്‍ മാത്രമല്ല ഉല്‍സവപറമ്പുകളിലെ മിമിക്രിക്കാരുടെ വരെ ഒരു കാലത്തെ ഇഷ്ട വിഭവങ്ങളായിരുന്നു എന്നറിയുമ്പോഴാണ് നമ്മുടെ നേതാക്കള്‍ എത്രമാത്രം സഹിഷ്ണുക്കളായിരുന്നു എന്ന് മനസിലാകുക. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കമ്മിഷണര്‍ തുടങ്ങിയ ഷാജി കൈലാസ് സിനിമകളില്‍ മിക്കതിലും കരുണാകരന്‍ കഥാപാത്രമായി വന്നിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ കരുണാകരന്‍ കൈക്കൊണ്ട ചില നടപടികളെ ആ ചിത്രങ്ങളിലൂടെ വിമര്‍ശിച്ചെങ്കിലും അദ്ദേഹം എല്ലാവിധ പിന്തുണയും നല്‍കിയിരുന്നുവെന്ന് തിരക്കഥാകൃത്തായിരുന്ന രഞ്ജി പണിക്കര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ആ സമീപനം ഇന്നത്തെ നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാനേ പറ്റില്ല.

സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കഴിവ് തെളിയിച്ച സംവിധായകനാണ് എ ആര്‍ മുരുഗദാസ്. വിജയ് യെ നായകനാക്കി അദ്ദേഹം ആദ്യം ചെയ്ത തുപ്പാക്കിയില്‍ തീവ്രവാദമാണ് പ്രമേയമാക്കിയതെങ്കില്‍ രണ്ടാമത്തെ സിനിമയായ കത്തിയില്‍ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സര്‍ക്കാരില്‍ തമിഴ് രാഷ്ട്രീയത്തിലെ പുഴുക്കുത്തുകള്‍ക്ക് നേരെ ഗൌരവകരമായ ചില ചോദ്യങ്ങള്‍ മുരുഗദാസ് ഉയര്‍ത്തുന്നുണ്ട്. 1967ല്‍ തമിഴ്നാട് രൂപീകൃതമായത് മുതല്‍ ദ്രാവിഡ രാഷ്ട്രീയമാണ് എല്ലാം നിയന്ത്രിക്കുന്നത്. ഡിഎംകെയും അണ്ണാ ഡിഎംകെയും അല്ലാതെ മറ്റൊരു പാര്‍ട്ടിയും സംസ്ഥാനത്ത് അധികാരത്തില്‍ വന്നിട്ടില്ല. അവരുടെ പിന്തുണയില്ലാത്ത ഒരു പാര്‍ട്ടിക്കും അവിടെ നിലനില്‍പ്പുമില്ല. അതറിഞ്ഞിട്ടും തലൈവര്‍-അമ്മ രാഷ്ട്രീയത്തെ വിമര്‍ശിക്കാന്‍ സംവിധായകന്‍ നടത്തിയ ശ്രമം അഭിനന്ദനാര്‍ഹമാണ്. 

റോജ, ബോംബെ തുടങ്ങിയ സിനിമകളിലൂടെ സ്ഫോടനാത്മകമായ വിഷയങ്ങള്‍ കൈകാര്യം ചെയ്ത മണിരത്നം പോലും ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്ന് പരമാവധി അകലം പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു. എംജിആറിന്‍റെ ജീവിതം ചിത്രീകരിക്കാനെന്ന പേരില്‍ അദ്ദേഹം തുടങ്ങിയ ആനന്ദം എന്ന സിനിമ ഏറെ വെട്ടിത്തിരുത്തലുകള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷം ഇരുവര്‍ എന്ന പേരിലാണ് പുറത്തിറങ്ങിയത് എന്നറിയുമ്പോഴാണ് സെന്‍റ് ജോര്‍ജ് ഫോര്‍ട്ടിലെ മേലാളന്മാര്‍ എത്ര മാത്രം ആഴത്തിലാണ് തമിഴ് സിനിമയെ നിയന്ത്രിക്കുന്നത് എന്ന് മനസിലാകുക. കരുണാനിധിയും ജയലളിതയും ഇല്ലാത്ത ദ്രാവിഡ രാഷ്ട്രീയം പല്ല് കൊഴിഞ്ഞ സിംഹമാണ് എന്നറിയാവുന്നത് കൊണ്ടാകാം വിജയും മുരുഗദാസും ഒരുപക്ഷേ ഇപ്പോള്‍ ഈ ധീരമായ ചുവടുവയ്പ്പ് നടത്താന്‍ തയ്യാറായത്. 

എല്ലാം തികഞ്ഞ ഒരു പൊളിറ്റിക്കല്‍ സിനിമയല്ല സര്‍ക്കാര്‍. വിജയ് ആരാധകരെ തൃപ്തിപ്പെടുത്താനുള്ള പതിവ് മസാല ചേരുവകളും നായികയോടൊപ്പമുള്ള ഡ്യുവറ്റ് ഡാന്‍സുകളും പതിവുപോലെ ഈ ചിത്രത്തിലുമുണ്ട്. പുകവലി സീനുകള്‍ ഒഴിവാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച വിജയ് സിഗരറ്റ് കൊണ്ടുള്ള പതിവ് കസര്‍ത്തുകള്‍ സര്‍ക്കാരില്‍ കാണിക്കുന്നത് അരോചകമായി തോന്നി. യുക്തിയെ മടക്കി പൊക്കത്തില്‍ വച്ചിട്ട് വേണം സിനിമ തിയറ്ററില്‍ കയറാന്‍ എന്ന് മുമ്പാരോ പറഞ്ഞത് ഓര്‍ക്കുന്നു. അത് ഇവിടെയും ബാധകമാണ്. എങ്കിലും അധികാരത്തിന് വേണ്ടിയുള്ള നേതാക്കളുടെ കിടമല്‍സരങ്ങളും അതിനായി അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും കൃത്യതയോടെ ജനങ്ങളില്‍ എത്തിക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. വോട്ട് ചെയ്യാന്‍ പണം കൊടുക്കുന്നതും കള്ളവോട്ട് ചെയ്യിപ്പിക്കുന്നതുമൊക്കെ തമിഴ്നാട്ടില്‍ മാത്രമല്ല രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും നടക്കുന്നതാണ്. പക്ഷേ ടെലിവിഷന്‍, ഗ്രൈണ്ടര്‍ തുടങ്ങിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന രീതി ഒരുപക്ഷേ വേറെയെങ്ങും കാണില്ല. അങ്ങനെ സമ്മാനങ്ങള്‍ കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്ന് സര്‍ക്കാര്‍ ജനങ്ങളെ പഠിപ്പിക്കുന്നു.

ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതുകൊണ്ട് ശശികലയെന്ന് തോന്നിപ്പിക്കുന്ന സിനിമയിലെ പ്രതിനായിക കഥാപാത്രവും അമിതമായ അളവില്‍ മരുന്ന് കൊടുത്ത് അവര്‍ മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നതും അണ്ണാ ഡിഎംകെ നേതൃത്വത്തെ സ്വാഭാവികമായും ചൊടിപ്പിക്കും. തിരഞ്ഞെടുപ്പ് വിജയത്തിലേക്കും മുഖ്യമന്ത്രി പദത്തിലേക്കും അവര്‍ എത്തുന്നതിന് തൊട്ടു മുമ്പാണ്  മുഖ്യമന്ത്രി എങ്ങനെയാണ് മരണപ്പെട്ടതെന്ന കാര്യം നായകനായ വിജയ് ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത്. സത്യപ്രതിജ്ഞയ്ക്കു തൊട്ടു മുമ്പ് ജയിലിലേക്ക് പോകേണ്ടി വന്ന ശശികലയുടെ അനുഭവം ഇതിനോട് ചേര്‍ത്ത് വായിയ്ക്കാം.

കോമളവല്ലിയെ അവതരിപ്പിച്ച വരലക്ഷ്മി മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ആദ്യ പകുതിയിലെ ചില ഫോണ്‍ വിളികളും അവസാന നിമിഷങ്ങളിലെ കുടില തന്ത്രങ്ങളുമായി വിരലിലെണ്ണാവുന്ന രംഗങ്ങളില്‍ ഒതുങ്ങുന്ന അവര്‍ പക്ഷേ നായകനെക്കാള്‍ മികച്ചു നിന്നെന്നു പറയാതെ വയ്യ. എന്നാല്‍ നായികയായ കീര്‍ത്തി സുരേഷിന് വിജയുടെ നിഴലായി നടക്കുക എന്നല്ലാതെ വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മുഖ്യമന്ത്രി മസിലാമണിയായി വന്ന കറുപ്പയ്യയും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്. വിജയ് ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന സര്‍ക്കാരില്‍ ഇവരെക്കൂടാതെ രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിങ്ങനെ ചുരുക്കം ചിലര്‍ക്കേ കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നുള്ളൂ. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച സിനിമയ്ക്ക് സംവിധായകനും ജയമോഹനും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. 

Read കമല്‍ ഹാസന്‍റെ രാഷ്ട്രീയ ഭാവി

വിജയുടെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്. ഇപ്പോഴുള്ള രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്ഥനായിരിക്കും താനെന്നും സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ മുന്‍ഗണന കൊടുക്കുകയെന്നുമുള്ള സന്ദേശം ജനങ്ങള്‍ക്ക് കൊടുക്കാന്‍ അദ്ദേഹം സിനിമയില്‍ കൂടി ശ്രമിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളുമായി നിലനില്‍ക്കുന്ന കാവേരി, കൃഷ്ണ നദി, മുല്ലപ്പെരിയാര്‍ പ്രശ്നങ്ങളും തൂത്തുക്കുടി വെടിവയ്പ്പും വിവിധ മേഖലകളിലെ അഴിമതിയും പരാമര്‍ശിക്കുന്ന സര്‍ക്കാര്‍ ജനപക്ഷത്തിന്‍റെ കാവലാളായി നിന്ന് ഭരണകൂടത്തെ തിരുത്താനുള്ള നടന്‍റെ അഭിവാഞ്ജയും വെളിപ്പെടുത്തുന്നു. 

The End