ടി പി ചന്ദ്രശേഖരന്‍റെ ആത്മഹത്യ: സംഭവ ബഹുലമായ ഒരു അന്വേഷണം

ടി പി ചന്ദ്രശേഖരന്‍റെ ആത്മഹത്യ: സംഭവ ബഹുലമായ ഒരു അന്വേഷണം 1

കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ആര്‍.എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം.തുടക്കം മുതല്‍ തന്നെ ആ പൈശാചികകൃത്യത്തിന്‍റെ ഉത്തരവാദിത്ത്വം പോലീസും മാധ്യമങ്ങളും ടി.പിയുടെ കുടുംബവുമെല്ലാം സി.പി.ഐ.എമ്മിനാണ് ചാര്‍ത്തി കൊടുത്തത്.പിന്നീട്  ലഭിച്ച സാക്ഷി മൊഴികളും തെളിവുകളുമെല്ലാം അത് ഉറപ്പിക്കുകയും ചെയ്തു.ആ സംഭവത്തോടെ കേരള രാഷ്ട്രീയം മുഴുവന്‍ സി.പി.ഐ.എം – സി.പി.ഐ.എം വിരുദ്ധര്‍ എന്നിങ്ങനെ   രണ്ടു ചേരികളായി തിരിഞ്ഞു.

ടി. പി വധം യു.ഡി.എഫിനും ഇടതു പക്ഷത്തെ വിമതര്‍ക്കും ചില്ലറ ഊര്‍ജമല്ല പകര്‍ന്നു നല്‍കിയത്. കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ പാര്‍ട്ടിയെയും നേതൃത്വത്തെയും നിര്‍ത്തി പൊരിച്ചു.തുടര്‍ന്നു നടന്ന  അന്വേഷണത്തില്‍ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ പാര്‍ട്ടി ഭാരവാഹികള്‍ വരെ പ്രതികളായി. കൊലപാതകത്തിന് നേതൃത്വം നല്‍കിയ ഒന്നാം പ്രതികൊടി സുനി ഉള്‍പ്പടെയുള്ളവര്‍,സി.പി.ഐ.എമ്മിന്‍റെ ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ ഒരു പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് പിടിയിലായത്.അതു വരെ എതിരാളികളുടെ ആരോപണങ്ങളെ  ഒരുവിധം  പ്രതിരോധിച്ചു നിന്ന പാര്‍ട്ടിക്ക് ആ അറസ്റ്റ്  വലിയ ക്ഷീണമുണ്ടാക്കി.

എന്നാല്‍ വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിച്ച സാക്ഷികള്‍ പലരും കൂറുമാറി. കൊലപാതക  ഗൂഢാലോചനയില്‍ തുടങ്ങി പ്രതികള്‍ അറസ്റ്റിലാകുന്നത് വരെയുള്ള പല കാര്യങ്ങളിലും, പ്രോസിക്യൂഷന് അനുകൂലമായി നിരവധി പേര്‍ അന്വേഷണ വേളയില്‍ പോലീസിന് സാക്ഷി മൊഴി നല്‍കിയിരുന്നു.അതില്‍ ബാറില്‍ കൂടെയിരുന്ന് മദ്യപിച്ചവരും കൊലയാളികള്‍ സഞ്ചരിച്ച വാഹനം ഒളിപ്പിക്കാന്‍ സഹായിച്ചവരും ലോഡ്ജ് ജീവനക്കാരുമെല്ലാം ഉള്‍പ്പെടും.പക്ഷേ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് അവര്‍ കോടതിയില്‍ പ്രതികരിച്ചത്. ചുരുക്കത്തില്‍ ഗൂഡാലോചനയോ കൊലപാതകമോ കണ്ടവരായി ആരും തന്നെയില്ല.കൊലപാതകികളെ കണ്ടിട്ടു കൂടിയില്ല.എല്ലാം പോലീസിന്‍റെ ഭാവനാ വിലാസം  ആയിരുന്നുവെന്ന് കൂറു മാറിയ സാക്ഷികളും പ്രതികളും പറയാതെ പറഞ്ഞു.അതിന്‍റെ സ്വാഭാവിക പരിണിത ഫലമാണ് കേസിലെ ചില പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഇന്നലത്തെ കോടതി വിധി.

ടി പി ചന്ദ്രശേഖരന്‍റെ ആത്മഹത്യ: സംഭവ ബഹുലമായ ഒരു അന്വേഷണം 2

പക്ഷേ ടി.പി മരിച്ചു എന്നത് സത്യം തന്നെയാണ്. അതാരും നിഷേധിച്ചിട്ടുമില്ല.അതെങ്ങനെ സംഭവിച്ചു ? ആരും കൊലപ്പെടുത്താത്ത സ്ഥിതിക്ക്  അദ്ദേഹം ആത്മഹത്യ ചെയ്തതാകാനാണ് സാധ്യത.പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് അദേഹത്തിന് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു എന്നു സൂചനയുണ്ട്. അതു തീര്‍ക്കാനുള്ള ഇന്‍ഷുറന്‍സ് തുകക്ക് വേണ്ടിയോ അതുമല്ലെങ്കില്‍ തന്‍റെ മരണത്തിലൂടെയെങ്കിലും സി.പി.എമ്മിനോട് പകരം ചോദിക്കണം എന്ന ചിന്ത കൊണ്ടോ ആകാം അദ്ദേഹം ഈ കടുംകൈ ചെയ്തത്.

കൊലക്കുറ്റവും തെളിവുകളുമെല്ലാം പോലീസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. ഭാഗ്യം.ചന്ദ്രശേഖരന്‍ എന്നത് കെട്ടി ചമച്ച കഥാപാത്രമാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. അല്ലായിരുന്നുവെങ്കില്‍ മംഗലശ്ശേരി നീലകണ്‍ഠന്‍ പോലെ, പൂവുള്ളി ഇന്ദുചൂഡന്‍ പോലെ താന്തോന്നിത്തരമുള്ള ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ് ടി.പിയും എന്നു കരുതേണ്ടിവരുമായിരുന്നു. സാക്ഷികളാരും ഇനി ബാക്കിയില്ലാത്ത സ്ഥിതിക്ക് ടി.പി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയാണ് പൊലീസ് ഇനി പരിശോധിക്കേണ്ടത്. അല്ലെങ്കില്‍ തന്നെ ഒരു കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ നമ്മുടെ പോലീസിനെ ആരുംപഠിപ്പിക്കേണ്ടതില്ല. പക്ഷേ അപ്പോഴും ആ 51 വെട്ടുകള്‍ കേരള മനസാക്ഷിക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി നില്‍ക്കും.