ക്യാ ഹുവാ ? : അതിലേ വന്ന ചെറുപ്പക്കാരനോട് പരിഭ്രാന്തനായി അനന്തമൂര്‍ത്തി ചോദിച്ചു.
കുച്ച് നഹീ സാബ്. സാംനെ കമ്പാര്‍ട്ട്മെന്‍റ് മേം കേജ്രിവാള്‍ജി ആയാ ഹൈ…………….. : അത്രയും പറഞ്ഞ് തന്‍റെ ട്രോളി ബാഗും തള്ളിക്കൊണ്ട് ചെറുപ്പക്കാരന്‍ നടന്നു പോയി. ഒന്നും മനസിലാകാതെ കേളുവമ്മാവന്‍ മൂര്‍ത്തിയെ നോക്കി.
അത് കേജ്രിവാള്‍ വന്നതാണ്. എവിടെ ചെന്നാലും അയാള്‍ക്ക് നാട്ടുകാരില്‍ നിന്ന് കിട്ടാറുണ്ട്. ആ ശബ്ദമാ പടക്കം പൊട്ടുന്നത് പോലെ കേട്ടത്. അല്ലാതെ ബോംബൊന്നുമല്ല………………. : അനന്തമൂര്‍ത്തി പറഞ്ഞപ്പോള്‍ അമ്മാവന് ആശ്വാസമായി.
ഹാവൂ. ഞാന്‍ വല്ലാതെ പേടിച്ചു……………. ആശിച്ചിറങ്ങിയത് വെറുതെയാകുമോ എന്നു നിരീച്ചു. ഒന്നാമത് ഇത് തോക്കിന്‍റെയും ബോംബിന്‍റെയുമൊക്കെ കാലമല്ലേ ? എപ്പോഴാ പൊട്ടുക എന്നറിയില്ലല്ലോ : കേളുവമ്മാവന്‍ പറഞ്ഞു.
ഏതായാലും ഞാന്‍ കുറച്ചു നടന്നിട്ട് വരാം. ആരൊക്കെയാ നമ്മുടെ കൂടെയുള്ളതെന്ന് അറിയാമല്ലോ. ഈ മഹാന്മാരെയൊക്കെ ഇപ്പോഴല്ലാതെ എപ്പഴാ കാണാന്‍ പറ്റുക ?…………….. : അദ്ദേഹം പതുക്കെ എഴുന്നേറ്റു. അനന്തമൂര്‍ത്തി തലയാട്ടി.
എന്‍റെ ഈ ബാഗ് ഒന്നു നോക്കിക്കോണേ. വിലപിടിപ്പുള്ള എന്തെങ്കിലും ഉണ്ടായിട്ടല്ല. പരിചയമില്ലാത്ത നാടല്ലേ ? അവിടെ ചെന്നാല്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ ഓടണ്ടല്ലോ എന്നു കരുതിയിട്ടാ…………….. : അമ്മാവന്‍ പറഞ്ഞത് കേട്ട് മൂര്‍ത്തി അറിയാതെ ചിരിച്ചുപോയി.
Read ഗാന്ധിജി കണ്ട ആധുനിക ഇന്ത്യ
അമ്മാവന്‍ പതുക്കെ സഹയാത്രികരെ തേടി നടപ്പ് തുടങ്ങി. തൊട്ടടുത്തുള്ള കുപ്പെകള്‍ വിജനമായിരുന്നു. അതിലെ യാത്രികര്‍ ഇനിയും എത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന് തോന്നി. ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും അര മണിക്കൂര്‍ സമയമുണ്ട്.
ആറുമണിക്ക് സത്യപ്രതിജ്ഞ തുടങ്ങുന്നതിന് മുമ്പ് ട്രെയിന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കും. അങ്ങനെയാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
പര്‍ദകള്‍ വില്‍ക്കുന്ന പ്ലാറ്റ്‌ഫോമിലെ കടകളില്‍ നല്ല തിരക്കുണ്ട്. ഉറുദു പഠന സഹായികളുമായി വഴി വാണിഭക്കാര്‍ ട്രെയിനുകളില്‍ കയറിയിറങ്ങുന്നു. യാത്രയില്‍ പ്രയോജനപ്പെടുമെന്ന് തോന്നിയതുകൊണ്ട് ഒരു പുസ്തകം കേളുവമ്മാവനും വാങ്ങി. മുപ്പത് രൂപയാണ് വില.
ചായ……….. ചായേ : പുറകില്‍ നിന്നുള്ള വിളി കേട്ടപ്പോഴാണ് അമ്മാവന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കിയത്. എവിടെയോ കണ്ടു മറന്ന മുഖം. വിഷണ്ണമായ ശരീര ഭാഷ.
ങേ ഇത് മണിയല്ലേ ? മണീ നിനക്ക് ഇതെന്തു പറ്റി ? : പരിചയ ഭാവത്തില്‍ തോളില്‍ കൈവച്ചുകൊണ്ട് കേളുവമ്മാവന്‍ ചോദിച്ചു.
മയിലാടുംത്തുറക്കാരനാണ് മണി. അമ്മാവന്‍റെ പഴയൊരു ശിഷ്യന്‍. മുഴുവന്‍ പേര് മണിശങ്കര്‍ അയ്യര്‍. മോദിയെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപം ചായ വില്‍ക്കാന്‍ നിയോഗിക്കാമെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞത് അമ്മാവന്‍ ഓര്‍ത്തു.
ഒന്നും പറയണ്ട, അമ്മാവാ……….. മയിലാടുംത്തുറയില്‍ അഞ്ചാം സ്ഥാനത്തായി. സോണിയാജിയാണെങ്കില്‍ പഴയതു പോലെ എന്നെ അടുപ്പിക്കുന്നുമില്ല. പിന്നെ വേറെ വഴിയൊന്നും കണ്ടില്ല. : കയ്യിലെ ചായ കെറ്റില്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് മണി പറഞ്ഞു. അമ്മാവന് ശരിക്ക് വിഷമമായി. എങ്ങനെ കഴിഞ്ഞിരുന്ന പയ്യനാണ്. പക്ഷേ ഇപ്പോള്‍………. എന്തെങ്കിലും കൊടുത്ത് കാര്യമായി സഹായിക്കണം എന്നു വിചാരിച്ചെങ്കിലും ഭീമമായ യാത്രാചിലവിനെ കുറിച്ചോര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു.
യാത്രക്കാരില്‍ ആരോ ചായക്കുവേണ്ടി വിളിച്ചപ്പോള്‍ അമ്മാവനെ ഒന്നു നോക്കി നിസ്സംഗ ഭാവത്തില്‍ മണി നടന്നു പോയി.
അടുത്ത കമ്പാര്‍ട്ട്മെന്‍റിലെത്തിയപ്പോള്‍ ഒരാള്‍ കവിള്‍ പൊത്തിപ്പിടിച്ച് നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്നത് കേളുവമ്മാവന് കണ്ടു. നോക്കിയപ്പോള്‍ അരവിന്ദ് കേജ്രിവാളാണ്. അടികൊണ്ട് മുഖത്ത് നീര് വച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ ആശ്വാസവാക്കുകള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം അതൊന്നും കേള്‍ക്കുന്നില്ല. പാക്കിസ്ഥാനിലെത്തുമ്പോഴെങ്കിലും പാവത്തിന്‍റെ ദുര്‍വിധി മാറട്ടെ എന്ന് അമ്മാവന്‍ മനസുരുകി പ്രാര്‍ഥിച്ചു.
കൂലംകഷമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിലരെയും അടുത്തുള്ള കുപ്പെകളില്‍ അദ്ദേഹം കണ്ടു. ട്രെയിനില്‍ ആരൊക്കെയുണ്ടാകും എന്നാണ് അവര്‍ തലപുകയ്ക്കുന്നത്. ലാലുപ്രസാദിന്‍റെയും ഫാറുക്ക് അബ്ദുള്ളയുടെയുമൊക്കെ പേരുകള്‍ കേട്ടു. അദ്വാനിയും വരുന്നുണ്ടത്രേ. ഇവിടെ പ്രധാനമന്ത്രിയാകാന്‍ കഴിയാത്തത് കൊണ്ട് ജന്മനാട്ടില്‍ പ്രധാനമന്ത്രിയാകാന്‍ പറ്റുമോ എന്നറിയാനാണ് അദ്ദേഹം വരുന്നതെന്ന് ഒരു വിരുതന്‍ പറഞ്ഞു. അത് ഒരിക്കലും ശരിയാവില്ലെന്ന് കേളുവമ്മാവന്‍റെ മനസ് പറഞ്ഞു. പ്രകാശ് കാരാട്ടിനെ കണ്ടതായി ആരോ ഒരാള്‍ പറഞ്ഞു.
സെക്കന്‍റ് ക്ലാസില്‍ ചെന്നപ്പോള്‍ സീറ്റില്‍ ദേഹമാസകലം മൂടിപ്പുതച്ചു കിടക്കുന്നയാളെയും അയാളെ ബംഗാളിയില്‍ ചീത്ത പറഞ്ഞ് വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന മധ്യവയസ്ക്കനെയും കണ്ട് കേളുവമ്മാവന്‍ ഒന്നമ്പരന്നു.
അമ്മാവനെ കണ്ടപ്പോള്‍ മധ്യവയസ്ക്കന്‍ തിരിഞ്ഞു.
സര്‍, ഇതെന്‍റെ സീറ്റാണ്. കഴിഞ്ഞ ഒരു മണിക്കൂറായി ഞാന്‍ ഇയാളെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷേ മിണ്ടുന്നതേയില്ല. ആരാണെന്നൊട്ട് മനസിലാകുന്നുമില്ല………………. : അയാള്‍ നിരാശനായി പറഞ്ഞു.
ഒരു മണിക്കൂറായി മിണ്ടിയിട്ടേ ഇല്ലേ ? എങ്കില്‍ സംശയിക്കണ്ട. അത് നമ്മുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ജിയാണ്. അദ്ദേഹത്തെ ശല്യപ്പെടുത്തണ്ട. പഴയ ബന്ധുക്കളെയൊക്കെ കാണാന്‍ പോകുന്നതാകും. താങ്കള്‍ വേറെയെവിടെയെങ്കിലും ഇരിക്കൂ……………. അപ്പുറത്തെ മുറിയില്‍ ആരാണുള്ളത് ? : കേളുവമ്മാവന്‍ ചോദിച്ചു.
അത് ഒരു കൊച്ചു കുട്ടിയാണ്. ചോദിച്ചപ്പോള്‍ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണെന്നാ പറഞ്ഞത്. ഞാന്‍ വര്‍ഷങ്ങളായി നാട്ടിലില്ലാതിരുന്നത് കൊണ്ട് ആരാണെന്ന് മനസിലായതുമില്ല…………… : യാത്രക്കാരന്‍ പറഞ്ഞു.
കുട്ടിയോ ? എങ്കില്‍ അത് നമ്മുടെ രാഹുല്‍ മോനായിരിക്കും…………..ഞാന്‍ നോക്കട്ടെ : അമ്മാവന്‍റെ ഊഹം തെറ്റിയില്ല.
ഛോട്ടാ ഭീമിന്‍റെ ചിത്രകഥ ആസ്വദിച്ച് വായിക്കുന്ന രാഹുലിനെയാണ് അദ്ദേഹം അവിടെ കണ്ടത്. അനവധി കോമിക് ബുക്കുകള്‍ ചുറ്റും ചിതറിക്കിടന്നിരുന്നു. വയസ്സന്‍ അമ്മാവന്‍ വന്നത് രാഹുല്‍ അറിഞ്ഞതേയില്ല.
പെട്ടെന്ന് ട്രെയിന്‍ അനങ്ങി. അതിനു മുമ്പായി സൈറണ്‍ മുഴങ്ങുകയും ചെയ്തു. ട്രെയിന്‍ സ്റ്റേഷന്‍ വിടുകയാണെന്ന് കേളുവമ്മാവന് മനസിലായി. വാച്ച് നോക്കിയപ്പോള്‍ 2.40. ഇന്ത്യന്‍ റെയില്‍വേ ഇക്കുറിയും തനിഗുണം കാണിച്ചു. പത്തു മിനിറ്റ് ലേയ്റ്റ്.
Read ട്രെയിന്‍ ടു പാക്കിസ്ഥാന്‍ (2017 Version)
പ്ലാറ്റ്‌ഫോമിൽ നിന്ന ചിലര്‍ നിറമിഴികളോടെ ബന്ധുക്കളെ യാത്രയാക്കുന്നു. കാഴ്ചകള്‍ പതുക്കെ പിന്നോട്ട് പായുകയാണ്.
വേഗമെടുക്കുന്നതിന് മുമ്പ് പിന്നിലെ വാതിലില്‍ കൂടി ആരോ ചാടിക്കേറുന്നത് അമ്മാവന്‍ കണ്ടു. പിടിച്ച് നില്‍ക്കാന്‍ അയാള്‍ കുറച്ചു സമയമെടുത്തു. ധൃതിയില്‍ കേറിയത് കൊണ്ടാകണം അയാള്‍ ശരിക്ക് കിതക്കുന്നുണ്ടായിരുന്നു. അവസാന നിമിഷം സ്റ്റേഷനില്‍ എത്തിയ അയാള്‍ ട്രെയിന്‍ നഷ്ടപ്പെടാതിരിക്കാന്‍ സാഹസപ്പെട്ടു കയറുകയായിരുന്നുവെന്ന് അമ്മാവന് തോന്നി.
അഭിമുഖമായി നിന്നപ്പോഴാണ് അയാളെ കേളുവമ്മാവന്‍ ശരിക്ക് കണ്ടത്. എവിടെയോ കണ്ടു മറന്ന മുഖം. പാറിപ്പറന്ന മുടി. കീറിപ്പറിഞ്ഞ ഖദര്‍ വേഷം.
ഉമ്മന്‍ ചാണ്ടി. കേരളത്തിന്‍റെ മുഖ്യമന്ത്രി.
അമ്മാവന്‍ ഒന്നു ഞെട്ടി.
ഒരു മീറ്റിങ്ങുണ്ടായിരുന്നു. അതാ ലേയ്റ്റായത്. ഇനി ആഗ്രയില്‍ മലയാളി അസോസിയേഷന്‍റെ ഒരു മീറ്റിങ്ങുണ്ട്. അതാ ഈ കേരള എക്സ്പ്രസില്‍ തന്നെ പോകാമെന്ന് വച്ചത്………………. : അദ്ദേഹം കയ്യിലുള്ള ഫയല്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.
കേരള എക്സ്പ്രസോ ? ഇതോ ? : കേളുവമ്മാവന്‍ അത്ഭുതത്തോടെ ചോദിച്ചു.
ങാ ഇത് കേരളയല്ലേ ? : ഉമ്മന്‍ ചാണ്ടി സംശയത്തോടെ അദ്ദേഹത്തെ നോക്കി.
കേരള ഉണ്ടായിരുന്നു. ഒമ്പതാം നമ്പര്‍ പ്ലാറ്റ്‌ഫോമിൽ. ഇത് പക്ഷേ ആറാം നമ്പറാണ്…………….. : അമ്മാവന്‍ പറഞ്ഞത് കേട്ട് ഉമ്മന്‍ ചാണ്ടി ഒന്നു ഞെട്ടി.
അയ്യോ അപ്പോള്‍ ഇതെങ്ങോട്ടാണ് പോകുന്നത് ? : പരിഭ്രമത്തോടെ കേരള മുഖ്യന്‍ ചോദിച്ചു.
പാക്കിസ്ഥാനിലേക്ക്…………….. നമ്മുടെ എല്ലാ വിഐപികളും ഇതിലുണ്ട്. രാഹുല്‍ മോന്‍ ഉള്‍പ്പടെ, : കേളുവമ്മാവന്‍ പറഞ്ഞത് കേട്ട് ഉമ്മന്‍ ചാണ്ടി ഞെട്ടി വിറച്ചു.
അയ്യോ ആളിറങ്ങാനുണ്ടേ……………. ആരെങ്കിലും ഒന്നു നിര്‍ത്തണം : കമ്പാര്‍ട്ട്മെന്‍റിലൂടെ പരക്കം പായുന്നതിനിടയില്‍ അദ്ദേഹം ആര്‍ത്തുവിളിച്ചു. ഇടക്ക് ചില അപായച്ചങ്ങലകളില്‍ പിടിച്ചു വലിച്ചെങ്കിലും അവയൊന്നും പ്രവര്‍ത്തിച്ചില്ല. ട്രെയിനിന്‍റെ വേഗം കൂടിക്കൊണ്ടിരുന്നു.
സര്‍, ക്ഷമിക്കണം. ഇത് നോണ്‍സ്റ്റോപ്പ് ട്രെയിനാണ്. ഇനി പാക്കിസ്ഥാനിലേ നിര്‍ത്തൂ…………. : കേളുവമ്മാവന്‍ പുറകില്‍ നിന്നു വിളിച്ചു പറഞ്ഞത് അദ്ദേഹം കേട്ടില്ലെന്ന് തോന്നി. പുറത്തിറങ്ങാനുള്ള വഴി തേടി അദ്ദേഹം എല്ലായിടത്തും ഓടി നടന്നു.
യാത്രയിലെ അപ്രതീക്ഷിതമായ ട്വിസ്റ്റ് കാരണം പാക്കിസ്ഥാനിലേക്കുള്ള 19058 നം. ട്രെയിന്‍ കേരളത്തിലുള്ള ചിലരുടെയെങ്കിലും മനസ് കുളിര്‍പ്പിക്കുമെന്ന് കേളുവമ്മാവന് തോന്നി. തിരുവനന്തപുരത്ത് ആരൊക്കെയോ ചിലര്‍ സത്യപ്രതിജ്ഞക്കുള്ള വട്ടം കൂട്ടുന്നത് അദ്ദേഹം അകക്കണ്ണില്‍ കണ്ടു.
The End
[My article originally published in British Pathram on 25.05.2014]