യുപിഎയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍

യുപിഎയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍ 1

എന്തൊക്കെയായിരുന്നു പുകില് ? കോണ്‍ഗ്രസിന് തനിച്ച് 150നു മുകളില്‍ സീറ്റ്. ഇടതുപക്ഷം ഉള്‍പ്പടെയുള്ള വിവിധ പാര്‍ട്ടികളെ കൂട്ടുപിടിച്ച് മൂന്നാം യുപിഎ സര്‍ക്കാര്‍. രാഹുലോ അല്ലെങ്കില്‍ പരിചയ സമ്പന്നരായ മറ്റാരെങ്കിലുമോ പ്രധാനമന്ത്രി. അതിനു സാധിച്ചില്ലെങ്കില്‍ മൂന്നാം മുന്നണിക്ക് പുറത്തുനിന്നുള്ള പിന്തുണ. എല്ലാവരെയും വരുതിയില്‍ നിര്‍ത്താന്‍ നരേന്ദ്ര മോഡി എന്ന ഭീതി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വേദികളില്‍ ആവോളം വിതറി. മോഡി വന്നാല്‍ കലാപമുണ്ടാകുമെന്നും ആയിരങ്ങള്‍ കൊല്ലപ്പെടുമെന്നും പ്രചരിപ്പിച്ചു. പക്ഷേ അവസാനം ഇപ്പോള്‍ പവനായി ശവമായി. മോഡിയെക്കാള്‍ തങ്ങള്‍ക്ക് പ്രശ്നം യുപിഎ സര്‍ക്കാരിന്‍റെ അഴിമതിയാണെന്ന് ജനം വിധിച്ചു.

പതിനാറാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത തകര്‍ച്ചയാണ് കോണ്‍ഗ്രസ് മുന്നണിക്കുണ്ടായത്. കഴിഞ്ഞ തവണ 262 സീറ്റുകളുണ്ടായിരുന്ന സഖ്യം ഇക്കുറി നൂറില്‍ താഴെ സീറ്റുകളില്‍ ഒതുങ്ങും. കാറ്റും കോളും മുന്‍കൂട്ടി തിരിച്ചറിഞ്ഞ പല മുന്‍നിര നേതാക്കളും കാലേക്കൂട്ടി മല്‍സര രംഗത്തു നിന്ന്‍ പിന്മാറിയത് കൂട്ടതകര്‍ച്ച ഒഴിവാക്കി. കഴിഞ്ഞ ലോക്സഭയില്‍ 159 സീറ്റുകളുണ്ടായിരുന്ന എന്‍ഡിഎ സഖ്യം ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നൂറു കടക്കും.

അഴിമതിക്കും വിലക്കയറ്റത്തിനുമൊപ്പം ചില പ്രമുഖ വ്യക്തികളും യുപിഎയുടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായിട്ടുണ്ട്. അവരുടെ നടപടികള്‍ സര്‍ക്കാരിനെതിരെ ചിന്തിക്കാന്‍ ജനത്തെ പ്രേരിപ്പിച്ചു. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

6) രാജകല്‍മാഡി, കനിമൊഴി

യുപിഎയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍ 2

യുപിഎ എന്നുകേട്ടാല്‍ പലരുടേയും മനസില്‍ തെളിയുന്നത് ഈ മൂന്ന്‍ പേരുകളാണ്. 2ജി സ്പെക്ട്രം ഇടപാടിലൂടെ ടെലികോം മന്ത്രി രാജയും ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മകളായ കനിമൊഴിയും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികേസിലൂടെയാണ് സുരേഷ് കല്‍മാഡി കുപ്രസിദ്ധനായത്. ഖജനാവിന് ലക്ഷം കോടികളുടെ നഷ്ടം ഉണ്ടാക്കിയ അഴിമതികളുടെ പേരില്‍ മൂവരും ഏറെ നാള്‍ തിഹാര്‍ ജയിലില്‍ കഴിഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് വിവാദമായതോടെ ഏഷ്യാഡ്, ഒളിമ്പിക്സ് പോലുള്ള വമ്പന്‍ കായിക മേളകള്‍ക്ക് ആതിഥ്യമരുളാനുള്ള ശ്രമം ഇന്ത്യ ഉപേക്ഷിച്ചു. രാജക്ക് ഡിഎംകെ വീണ്ടും സീറ്റ് കൊടുക്കുകയും കോണ്‍ഗ്രസ് അവരുമായി വീണ്ടും സഖ്യത്തിലേര്‍പ്പെടാന്‍ ശ്രമിക്കുകയും ചെയ്തതോടെ അഴിമതിക്കേസുകള്‍ യുപിഎ കാര്യമാക്കുന്നില്ലെന്ന തോന്നല്‍ ജനങ്ങളില്‍ വ്യാപകമായി. കനിമൊഴിയെ വീണ്ടും രാജ്യസഭയിലെത്താന്‍ സഹായിച്ച കോണ്‍ഗ്രസ് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനായി കല്‍മാഡിക്ക് പൂനെ സീറ്റ് നിഷേധിച്ചെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി അദ്ദേഹത്തിന്‍റെ പിന്തുണ തേടാന്‍ മടിച്ചില്ല.

5) ഡല്‍ഹി പെണ്‍കുട്ടി

യുപിഎയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍ 3

ദാരുണമായി കൊല്ലപ്പെട്ടിട്ട് മാസങ്ങളായെങ്കിലും പേരറിയാത്ത ആ പെണ്‍കുട്ടിയുടെ പ്രേതം ഇനിയും കോണ്‍ഗ്രസിനെ വിട്ടുപോയിട്ടില്ല. ആദ്യം ഒന്നര പതിറ്റാണ്ടു കാലം ഡല്‍ഹി ഭരിച്ച ഷീല ദീക്ഷിത്തിനെ അധികാരത്തില്‍ നിന്ന്‍ പുറത്താക്കിയ അവള്‍ ഇപ്പോള്‍ കേന്ദ്ര ഭരണത്തില്‍ ഒരു ദശകം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ സര്‍ക്കാരിനെയും തൂത്തെറിഞ്ഞിരിക്കുന്നു. ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ ക്രൂരമായ മാനഭംഗവും തുടര്‍ന്നു സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ വാക്കുകളും പ്രവര്‍ത്തിയും തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി സജീവമായി ഉന്നയിച്ചിരുന്നു. രാജ്യത്തെ ക്രമസമാധാനം മെച്ചമാണെന്ന് മേനി നടിച്ചവര്‍ക്ക് മുന്നില്‍ ഡല്‍ഹി പെണ്‍കുട്ടിയും തുടര്‍ന്നുണ്ടായ സമാന സംഭവങ്ങളും ഒരു ചോദ്യ ചിഹ്നമായി മാറി.

4) അരവിന്ദ് കേജ്രിവാള്‍

യുപിഎയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍ 4

കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കിയ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. തുടര്‍ന്നു നിരുത്തരവാദപരമായ നടപടിയിലൂടെ അധികാരം വലിച്ചെറിഞ്ഞെങ്കിലും കേജ്രിവാള്‍ നല്‍കിയ അഴിമതി വിരുദ്ധ സന്ദേശം രാജ്യം മുഴുവന്‍ വ്യാപിച്ചു. ചുരുങ്ങിയ സീറ്റുകളില്‍ മാത്രം മല്‍സരിക്കുന്ന ആം ആദ്മിക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കോ കോണ്‍ഗ്രസിനെ പ്രതിരോധിക്കാനാവില്ല എന്ന പ്രതീതി വന്നതോടെ ജനം കൂട്ടത്തോടെ എന്‍ഡിഎയ്ക്കു വോട്ട് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് വേദികളില്‍ കേജ്രിവാള്‍ യുപിഎയെ കാര്യമായി ആക്രമിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഡല്‍ഹി തിരഞ്ഞെടുപ്പാണ് പലരെയും ഓര്‍മിപ്പിച്ചത്. തല്‍ഫലമായി ബിജെപിക്ക് പകരം ഭരണ മുന്നണിയുടെ വോട്ടു ബാങ്കില്‍ വിള്ളല്‍ വീണു.

3) റോബര്‍ട്ട് വധേര

യുപിഎയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍ 5

വധേരയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പലപ്പോഴും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. 2004 വരെ ഒരു സാധാരണ ബിസിനസുകാരന്‍ മാത്രമായിരുന്ന അദ്ദേഹം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 300 കോടിയുടെ ആസ്തിയുണ്ടാക്കിയെന്ന വാര്‍ത്ത പലരുടേയും നെറ്റി ചുളിപ്പിച്ചു. ഹരിയാനയില്‍ അദ്ദേഹം ഉള്‍പ്പെട്ട വിവാദ ഭൂമി ഇടപാട് റദ്ദാക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത ലാന്‍റ് റവന്യൂ കമ്മീഷണറെ ഇരുപതിനാല് മണിക്കൂറിനകം സ്ഥലം മാറ്റിയ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ നടപടി പാര്‍ട്ടിക്ക് എന്തെല്ലാമോ ഒളിക്കാനുണ്ടെന്ന സൂചന നല്‍കി. വിവാദത്തില്‍ ഇടപ്പെട്ട സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ചു. ഇതിനെല്ലാം പുറമേയാണ് ആഭ്യന്തര യാത്രക്കിടയില്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ വച്ച് വധേരയെ പരിശോധിക്കാന്‍ പാടില്ല എന്ന നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊണ്ട് വന്നത്. മുന്‍പ്രധാനമന്ത്രിമാര്‍ക്കു പോലുമില്ലാത്ത അവകാശം പതിച്ചു നല്‍കുക വഴി അദ്ദേഹം നിയമത്തിന് അതീതനാണെന്ന ചിന്ത ഒരു വിഭാഗം ജനങ്ങളിലുണ്ടായി.

2) നരേന്ദ്രമോഡി

യുപിഎയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍ 6

നരേന്ദ്ര മോഡി ഒറ്റയ്ക്കാണ് കോണ്‍ഗ്രസ് മുന്നണിക്കെതിരായ പ്രചരണം നയിച്ചത്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പറന്നെത്തിയ അദ്ദേഹം സര്‍ക്കാര്‍ നയങ്ങളിലെ പൊള്ളത്തരങ്ങളും തന്‍റെ വികസന സങ്കല്‍പ്പവും തുറന്നു കാട്ടിയത് ബിജെപി ഇതര അണികളില്‍ പോലും പ്രതീക്ഷയുണ്ടാക്കി. അദ്ദേഹത്തിന്‍റെ മാ-ബേട്ടാ സര്‍ക്കാര്‍ എന്ന പ്രയോഗം ആയിരം വാക്കുകളേക്കാള്‍ ശക്തിയുള്ളതായിരുന്നു. കോണ്‍ഗ്രസ്, ഇടതുപക്ഷം, മുലായം, മായാവതി, മമത, ലാലു പ്രസാദ്, നിതീഷ് കുമാര്‍ എന്നിവരെല്ലാം കൂട്ടത്തോടെ ആക്രമിച്ചത് ഫലത്തില്‍ മോഡിയ്ക്ക് ഗുണം ചെയ്തു. നിഷ്പക്ഷരായ ജനങ്ങള്‍ക്കിടയില്‍ പോലും രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാവുകയും അവര്‍ അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുകയും ചെയ്തു.

1) ഡോ. മന്‍മോഹന്‍ സിങ്

യുപിഎയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍ 7

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെയാണ് പട്ടികയിലെ ഒന്നാമന്‍. പണ്ഡിതനും സത്യസന്ധനുമായിട്ടും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പല നിര്‍ണ്ണായക സമയങ്ങളിലും മൌനം പാലിച്ചത് അദ്ദേഹം പാവ പ്രധാനമന്ത്രിയാണെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കി. 2 ജി സ്പെക്ട്രം അഴിമതി നടക്കുന്നത് അറിഞ്ഞെങ്കിലും സര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ കരുതി മന്‍മോഹന്‍ തടഞ്ഞില്ലെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതിനെ വേണ്ട വിധം പ്രതിരോധിക്കാനോ നിഷേധിക്കാനോ പാര്‍ട്ടിക്കായില്ല.

കല്‍ക്കരി പാടം അനുവദിക്കുന്ന സമയത്ത് പ്രധാനമന്ത്രിയാണ് കല്‍ക്കരി വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ അഴിമതിയുടെ ഉത്തരവാദിത്വം കല്‍ക്കരി വകുപ്പ് സെക്രട്ടറിയുടെ തലയില്‍ വച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സമാനമായ വിശദീകരണങ്ങള്‍ മറ്റ് അഴിമതി കേസുകളിലുമുണ്ടായി. പ്രതിരോധ വകുപ്പിലെ വിവിധ കുംഭകോണങ്ങളുടെയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസിന്‍റെയും പാപഭാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ കെട്ടിവച്ച ഭരണകൂടം രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തില്‍ നിരപരാധികളാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചു. ഒരു വിഭാഗം മാധ്യമങ്ങളും ഉറച്ച ചില പാര്‍ട്ടി അനുയായികളും അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങിയെങ്കിലും ജനം അതൊന്നും വിശ്വസിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. അടിക്കടിയുള്ള വിലക്കയറ്റവും അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയാതെ വന്നതും പതനത്തിന് ആക്കം കൂട്ടി.

The End

[My article originally published in Kvartha on 16.05.2014]

Leave a Comment

Your email address will not be published. Required fields are marked *