ട്രംപിന്‍റെ കിരീടധാരണവും ഹിലാരിയുടെ നഷ്ട സ്വപ്നവും

 

ട്രംപിന്‍റെ കിരീടധാരണവും ഹിലാരിയുടെ നഷ്ട സ്വപ്നവും 1

 

അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപും നമ്മുടെ മംഗലശ്ശേരി നീലകണ്‍ഠനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? രാഷ്ട്രീയത്തിലെ തുടക്കക്കാരനായ ട്രംപ് എന്ന ശതകോടിശ്വരന് അങ്ങനെയൊരു പ്രതിഛായയാണ് അടുത്തിടെ വരെ നമുക്കിടയില്‍ ഉണ്ടായിരുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ബിസിനസ് സംരംഭങ്ങള്‍, മോഹിച്ച ഏത് പെണ്ണിനും വില പറയുന്ന ശീലം, ധൂര്‍ത്തന്‍ എന്നിങ്ങനെ അദ്ദേഹത്തിന് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍ അനവധിയാണ്. ഇട്ടു മൂടാനുള്ള സ്വത്ത്‌ സ്വന്തമായുണ്ടായിരുന്ന നീലകണ്‍ഠനും ഏതാണ്ട് അതേ ഒരു ലൈനായിരുന്നല്ലോ.  പക്ഷെ മദ്യപാനിയല്ലാത്ത ആദ്യ പ്രസിഡന്‍റ് എന്ന ഖ്യാതിയോടെയാണ് ട്രംപ്  വൈറ്റ് ഹൌസിലെത്തുന്നത് എന്ന് കേള്‍ക്കുമ്പോള്‍ ഇതിനിടയില്‍ ഒരു പക്ഷെ വിചിത്രമെന്നു തോന്നാം.

പ്രചാരണ വേളയില്‍ ഇത്രമാത്രം എതിര്‍പ്പ് നേരിട്ട ഒരു പ്രസിഡന്‍റ് സ്ഥാനാര്‍ഥി അമേരിക്കയുടെ ചരിത്രത്തില്‍ വേറെയുണ്ടാവില്ല. ട്രംപിന്‍റെ വിടുവായത്തവും വഴിവിട്ട ജീവിത രീതികളും വലിയൊരളവ് വരെ അതിന് കാരണമായിട്ടുണ്ട്. സ്ത്രീകളോടുള്ള ഭ്രമം മുതല്‍ സ്വന്തം മകളോട് പോലും അശ്ലീലം പറയുന്നയാള്‍ എന്നിങ്ങനെയുള്ള സ്വഭാവ വിശേഷങ്ങളുടെ പേരില്‍ അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചു.

ഒരു ഡസനിലേറെ സ്ത്രീകളാണ് വിവിധ കാലയളവുകളില്‍ ട്രംപ് നടത്തിയ പീഡനങ്ങളുടെ വെളിപ്പെടുത്തലുകളുമായി രംഗത്ത്‌ വന്നത്. മുമ്പെന്നും ഇല്ലാത്തവിധം രാജ്യത്തെ മുഖ്യധാര മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് വേളയില്‍ പക്ഷം പിടിക്കുന്ന കാഴ്ചയും ഇക്കുറി കണ്ടു. വാഷിങ്ങ്ടണ്‍ പോസ്റ്റ്‌, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ ഹിലാരിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. എന്നാല്‍ മുന്‍ പ്രസിഡന്‍റ് കൂടിയായ ജോര്‍ജ് ഡബ്ല്യു ബുഷ്‌ ഉള്‍പ്പടെയുള്ള ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് ട്രംപിന് കൂടുതല്‍ തലവേദനയുണ്ടാക്കിയത്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ട്രംപ് നേരിട്ട് രംഗത്തിറങ്ങിയെങ്കിലും ഫലം കണ്ടില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം കൂടിയായ  ബുഷ്‌ ഇന്ത്യയിലെ ‘നോട്ട’ക്ക് തുല്യമായാണ് വോട്ടവകാശം വിനിയോഗിച്ചത്. പ്രത്യേകിച്ച് ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാതിരുന്ന അദ്ദേഹം ട്രംപിനോടുള്ള അനിഷ്ടം അവസാന നിമിഷവും മറച്ചു വച്ചില്ല.

വിവിധ കോണുകളില്‍ നിന്നുയര്‍ന്നു വന്ന ഇത്തരം എതിര്‍പ്പുകള്‍ വോട്ടര്‍മാര്‍ അവഗണിച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്‍റണ്‍ ഏകപക്ഷീയ ജയം നേടുമെന്ന് പ്രതിക്ഷിച്ചിരുന്ന വലിയൊരുവിഭാഗത്തിന് നിരാശയുടെ ദിനം കൂടിയാണ് നവംബര്‍ ഒമ്പത് സമ്മാനിച്ചത്. കൂടെക്കൂടെ അഭിപ്രായം മാറ്റുന്ന ട്രംപിന്‍റെ ചാഞ്ചാട്ടത്തെക്കാളുപരി ഹിലാരിയുടെ വിശ്വസനീയതയെ ജനം സംശയിച്ചപ്പോള്‍ ആദ്യ വനിതാ പ്രസിഡന്‍റ് എന്ന ഡെമോക്രാറ്റുകളുടെ സ്വപ്നം പൊലിഞ്ഞു.

ട്രംപിന്‍റെ കിരീടധാരണവും ഹിലാരിയുടെ നഷ്ട സ്വപ്നവും 2

 

മുന്‍കാല ചെയ്തികളുടെ പേരില്‍ ഡോണാള്‍ഡ്  ട്രംപ് കനത്ത തോല്‍വി ഏറ്റു വാങ്ങുമെന്നാണ് പൊതുവേ കരുതപ്പെട്ടതെങ്കിലും സംഭവിച്ചത് മറിച്ചാണ്. ടാക്സ് വെട്ടിപ്പ്, റഷ്യയുമായുള്ള രഹസ്യ ബന്ധം, മുസ്ലീം-കുടിയേറ്റ വിരുദ്ധ മനോഭാവം, വര്‍ണ്ണ വിവേചനം എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ തരാതരം പോലെ അദ്ദേഹത്തിനെതിരെ നിരന്നെങ്കിലും ഹിലാരിയുടെ ഭൂതകാലത്തിലാണ് ജനം കണ്ണു വച്ചത്.

ഒബാമയുടെ ആദ്യ സര്‍ക്കാരില്‍ വിദേശ കാര്യ സെക്രട്ടറി ആയിരുന്ന സമയത്ത് ഔദ്യോഗിക ഇമെയില്‍ ഉപയോഗിക്കാതെ സ്വന്തം സെര്‍വര്‍ ഉപയോഗിച്ച് തന്ത്രപ്രധാനമായ വിവരങ്ങള്‍ പോലും പങ്കു വച്ച അവരുടെ ധാര്‍ഷ്ട്യം പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. സര്‍ക്കാര്‍ നല്‍കിയ ഇമെയില്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ പോലും മെനക്കെടാതിരുന്ന ഹിലാരി സുരക്ഷ കുറഞ്ഞ  സ്വന്തം സംവിധാനം ഉപയോഗിച്ചത് വിക്കിലീക്ക്സ് പോലുള്ള ഹാക്കര്‍മാര്‍ക്ക് ചാകരയാകുകയും ചെയ്തു. അക്കാലത്ത് അവര്‍ നടത്തിയ കത്തിടപാടുകള്‍ തിരഞ്ഞെടുപ്പിന്‍റെ അവസാന നാളുകളില്‍ പോലും പുറത്തുവന്നത് ഹിലാരി പ്രസിഡന്‍റായാല്‍ രാജ്യ സുരക്ഷ എങ്ങനെയാകുമെന്ന ആശങ്ക വോട്ടര്‍മാരില്‍ ഉണര്‍ത്തി.

ഒബാമയുടെ ഭരണകാലത്ത് രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറഞ്ഞതും തൊഴിലില്ലായ്മ പെരുകിയതും ഇടത്തരക്കാരെ പാര്‍ട്ടിയില്‍ നിന്നകറ്റിയിരുന്നു. ആ വിഷയത്തിലൂന്നിയുള്ള ഡോണാള്‍ഡ് ട്രംപിന്‍റെ പ്രചരണം ചാഞ്ചാടി നിന്ന വലിയൊരു വിഭാഗത്തെ റിപ്പബ്ലിക്കന്‍ പാളയത്തിലെത്തിച്ചു. സ്ത്രീ വിഷയത്തിലൂന്നി അദ്ദേഹത്തിനെതിരെ എതിരാളികള്‍ നടത്തിയ പ്രചരണം ബില്‍ ക്ലിന്‍റനിലൂടെ ഹിലാരിക്ക് തിരിച്ചടിക്കുക കൂടി ചെയ്തപ്പോള്‍ പ്രസിഡന്‍റ് പദത്തില്‍ മാത്രമല്ല സെനറ്റിലും ജനപ്രതിനിധി സഭയിലും മറ്റൊരു റിപ്പബ്ലിക്കന്‍ അധിനിവേശത്തിനാണ്  കളമൊരുങ്ങിയത്. ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്‍റെ അമരക്കാരനാകാനുള്ള നിയോഗം ലഭിച്ചതിന് ട്രംപ് ആദ്യം നന്ദി പറയേണ്ടത് സ്വന്തം  അണികളോടോ ഗുണഗണങ്ങളോടോ അല്ല മറിച്ച് എതിരാളിയുടെ ഭൂതകാലത്തിനാണെന്ന് നിസ്സംശയം പറയാം.

The End


Image Credit:

Common Dreams

National Review

AWD News

Leave a Comment

Your email address will not be published. Required fields are marked *