അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനവുമായി രാഹുലും മോഡിയും; ചോദ്യ ചിഹ്നമാകുന്ന അശോക് കേംക

അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനവുമായി രാഹുലും മോഡിയും; ചോദ്യ ചിഹ്നമാകുന്ന അശോക് കേംക 1

 

 കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് നടത്തുന്നതെന്നാണ് അവകാശപ്പെടുന്നത്. രാജ്യത്തുനിന്ന് അഴിമതി തുടച്ചു നീക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ഏക രാഷ്ട്രീയകക്ഷി കോണ്‍ഗ്രസ്സാണെന്ന്‍ പറയുന്ന രാഹുല്‍ അതിനായി തങ്ങള്‍ മുന്നോട്ടുവച്ച ലോക്പാല്‍ ഉള്‍പ്പടെയുള്ള വിവിധ അഴിമതി വിരുദ്ധ ബില്ലുകളും ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷത്തിന്‍റെ നിസ്സകരണം കൊണ്ടാണ് അവയൊന്നും പാസാക്കാന്‍ കഴിയാതിരുന്നത് എന്നാണ് അദ്ദേഹത്തിന്‍റെ വാദം. സത്യസന്ധതയും വികസന മനോഭാവവുമാണ് ബിജെപിയുടെ മുഖമുദ്ര എന്നു പറയുന്ന നരേന്ദ്ര മോഡിയും അഴിമതിക്കെതിരെയുള്ള തന്‍റെ ശത്രുത ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനം മുഴക്കുന്ന മോഡി അനധികൃത ഭൂമി ഇടപാട് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് ആഴ്ചകള്‍ക്ക് മുമ്പാണ്. സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തി സര്‍ക്കാര്‍ ഭൂമി മക്കള്‍ക്കും മരുമകനും പതിച്ചു നല്‍കിയ കേസിലാണ് 2011ല്‍ ലോകായുക്ത കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്. അനധികൃത ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട കേസ് ഇതിന് പുറമേയാണ്. യെദിയൂരപ്പയുടെ തിരിച്ചുവരവിനെ പാര്‍ട്ടി സ്ഥാപകനേതാവ് കൂടിയായ എല്‍ കെ അദ്വാനി എതിര്‍ത്തിരുന്നു. എന്നാല്‍ വരുന്ന ലോകസഭയില്‍ പരമാവധി സീറ്റ് നേടി പ്രധാനമന്ത്രിയാകാന്‍ വെമ്പല്‍ കൊള്ളുന്ന മോഡി അതൊന്നും ചെവിക്കൊണ്ടില്ല.

അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനവുമായി രാഹുലും മോഡിയും; ചോദ്യ ചിഹ്നമാകുന്ന അശോക് കേംക 2

യെദിയൂരപ്പയുടെ വോട്ട് ബാങ്ക് കണ്ട് അദ്ദേഹം ചെയ്ത അഴിമതികള്‍ക്കുനേരെ സൌകര്യപൂര്‍വം കണ്ണടച്ച മോഡി ഇക്കാര്യത്തില്‍ താന്‍ മറ്റ് നേതാക്കളില്‍ നിന്ന്‍ ഒട്ടും വ്യത്യസ്തനല്ലെന്ന് തെളിയിച്ചു. വാക്കുകളില്‍ ദേശസ്നേഹം പുരട്ടി സംസാരിക്കുന്ന മോഡി ദേശീയ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലത്താണ് ശവപ്പെട്ടി കുംഭകോണവും തെഹല്‍ക്ക വിവാദവും അരങ്ങേറിയത്. അതിര്‍ത്തിക്കപ്പുറത്തേക്കുള്ള ട്രെയിന്‍ ബസ് യാത്രകള്‍ മാറ്റിനിര്‍ത്തിയാല്‍ കടുത്ത പാക്-ചൈന വിരോധം വച്ച് പുലര്‍ത്തുന്ന ഹിന്ദുത്വ പാര്‍ട്ടിക്ക് ജവാന്‍മാരുടെ ജീവനെടുത്ത് പന്താടാന്‍ അന്നു പക്ഷേ വിഷമമൊന്നും തോന്നിയതുമില്ല.

യുപിഎ ഭരണകാലത്ത് രാജ്യത്ത് അഴിമതികളുടെ ഒരു പരമ്പര തന്നെയുണ്ടായി. മുമ്പ് നൂറും ഇരുന്നൂറും കോടികളില്‍ ഒതുങ്ങി നിന്നിരുന്ന കുംഭകോണങ്ങളുടെ വലിപ്പം ലക്ഷം കോടികളിലേക്ക് വരെ വളര്‍ന്നു എന്നതാണ് മന്‍മോഹന്‍ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടം. 2ജി സ്പെക്ട്രം അഴിമതിക്കേസ് അന്നത്തെ ടെലികോം മന്ത്രി രാജയുടെ തലയില്‍ വച്ചു രക്ഷപ്പെട്ട കോണ്‍ഗ്രസ് പക്ഷേ കേസിലെ കൂട്ടുപ്രതിയായ കനിമൊഴിയെ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സഹായിച്ച് അഴിമതിയോടുള്ള തങ്ങളുടെ കൂറ് തെളിയിച്ചു. കല്‍ക്കരി കുംഭകോണം വകുപ്പ് മന്ത്രിയുടെയും സെക്രട്ടറിമാരുടെയും അനാസ്ഥ കൊണ്ടാണെന്ന് സ്ഥാപിച്ച സര്‍ക്കാര്‍ ഊതിപ്പെരുപ്പിച്ച നഷ്ടക്കണക്കുകളാണ് നിരത്തുന്നതെന്ന് പറഞ്ഞ് സിഎജി റിപ്പോര്‍ട്ടിനെയും പഴിചാരി. ആദര്‍ശ് കുംഭകോണത്തില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ട് നിഷ്ക്കരുണം തള്ളിക്കളഞ്ഞ സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാം ഉദ്യോഗസ്ഥരുടെ കുഴപ്പമാണെന്നാണ് പറയാതെ പറഞ്ഞത്. ഇറ്റാലിയന്‍ ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ സേനാ മേധാവി ഉള്‍പ്പടെയുള്ളവരാണ് കുറ്റം ചെയ്തതെന്ന്‍ പറഞ്ഞ സിബിഐ സംഭവത്തില്‍ രാഷ്ട്രീയ നേതാക്കളാരും ഉള്‍പ്പെട്ടിട്ടില്ലെന്നും പറഞ്ഞു.

അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനവുമായി രാഹുലും മോഡിയും; ചോദ്യ ചിഹ്നമാകുന്ന അശോക് കേംക 3

ഇതെല്ലാം പാര്‍ട്ടിയുടെ കുഴപ്പമാണെന്ന് പറഞ്ഞ് രാഹുലിന് ഒഴിയാമെങ്കിലും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ അവസ്ഥ തുലോം പരിതാപകരമാണ്. റോബര്‍ട്ട് വധേരയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസിനെ ഏറ്റവും അധികം വലയ്ക്കുന്നത്. 2006ല്‍ കേവലം അമ്പത് ലക്ഷം മാത്രം മൂലധനമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ കമ്പനികള്‍ക്ക് ഇന്ന്‍ 500 കോടി രൂപയുടെ ആസ്തിയുണ്ട്. ഹരിയാന,ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സഹായത്തോടെ കോടികളുടെ സര്‍ക്കാര്‍ ഭൂമിയാണ് ഇക്കാലയളവില്‍ നിസ്സാര വിലയ്ക്ക് അദ്ദേഹം സ്വന്തമാക്കിയത്. പിന്നീട് ഹരിയാനയിലെ ഡിഎല്‍എഫ് ഭൂമി ഇടപാട് എന്ന പേരില്‍ വിവാദമായ കുംഭകോണത്തില്‍ ക്രമക്കേട് കണ്ടെത്തുകയും ഇടപാട് റദ്ദാക്കുകയും ചെയ്ത IAS ഉദ്യോഗസ്ഥന്‍ അശോക് കേംകയെ രായ്ക്കുരാമാനം ഭൂപീന്ദര്‍ ഹൂഡ സര്‍ക്കാര്‍ സ്ഥലം മാറ്റി.

അഴിമതിക്കെതിരായ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന 47 കാരനായ കേംകയുടെ 21വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ 45-മത്തെ സ്ഥലം മാറ്റമാണിത്. അദ്ദേഹത്തിന്‍റെ അനധികൃത സ്ഥലം മാറ്റങ്ങളുടെ പേരില്‍ അടുത്തിടെ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചിരുന്നു. പക്ഷേ ഒരു പടി കൂടി കടന്ന്‍ പഴയ ഒരു കേസിന്‍റെ പേരിലുള്ള സിബിഐ അന്വേഷണത്തിലൂടെയാണ് സംസ്ഥാനം പിന്നെ കേംകയെ നേരിട്ടത്. അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനം മുഴക്കുന്ന നമ്മുടെ നേതാക്കള്‍ ഇടക്കെങ്കിലും അശോക് കേംകയെ പോലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരെയും യെദിയൂരപ്പയെ പോലുള്ളവര്‍ ചെയ്ത കൊള്ളരുതായ്മകളും ഓര്‍ക്കണം. രാജ്യത്തെ അഴിമതിവിമുക്തമാക്കാന്‍ തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ എത്രമാത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അത് ഉപകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *