
അമ്മുക്കുട്ടിയമ്മേ, അമ്മുക്കുട്ടിയമ്മേ…………… : സുല്‍ത്താന്‍ മന്‍സില്‍ എന്ന വീടുചുറ്റി പിന്നാമ്പുറത്തെത്തിയ അബൂട്ടി നീട്ടി രണ്ടു വട്ടം വിളിച്ചു. ചുറ്റും നോക്കിയെങ്കിലും ആ പരിസരത്തൊന്നും അയാള്‍ ആരെയും കണ്ടില്ല.
ഇടങ്ങേറായല്ലോ. ഇവരിതെവിടെ പോയി കിടക്കുകയാ……… ? : സ്വയം പിറുപിറുക്കുമ്പോഴേക്കും പഴയ സാധനങ്ങള്‍ കൂട്ടിയിടുന്ന ഷെഡ്ഡിനു പിന്നില്‍ എന്തോ അനക്കം കേട്ടതുകൊണ്ട് അയാള്‍ അങ്ങോട്ട് ചെന്നു. അവിടെ ആടുകള്‍ക്ക് കൊടുക്കാനുള്ള വെള്ളം കലക്കിക്കൊണ്ടിരിക്കുന്ന അമ്മുക്കുട്ടിയമ്മയെ അയാള്‍ കണ്ടു.
നിങ്ങള്‍ ഇവിടെ നിക്കുകയായിരുന്നോ ? നമ്മള് എത്ര വട്ടം വിളിച്ചു. വന്നു വന്ന്‍ നിങ്ങള്‍ക്ക് ചെവിയും കേക്കാതായോ, തള്ളേ ?: അയാളുടെ ശബ്ദം കേട്ടപ്പോള്‍ അമ്മുക്കുട്ടിയമ്മ തലയുയര്‍ത്തി തിരിഞ്ഞു നോക്കി. അവര്‍ പാത്രത്തില്‍ നിന്ന് കൈ മാറ്റിയപ്പോള്‍ അതുവരെ അനുസരണയോടെ മാറി നിന്ന ആട്ടിന്‍പറ്റം പരസ്പരം മല്‍സരിച്ച് തലയിട്ട് വെള്ളം കുടിക്കാന്‍ തുടങ്ങി. നാലെണ്ണമുണ്ട്. അതില്‍ രണ്ടെണ്ണം താരതമ്യേന ചെറുതാണ്. കണ്ടാല്‍ തന്നെയറിയാം തള്ളയും കുട്ടികളുമാണ്.
അതെങ്ങനെയാ അബൂട്ടിയേ, നിന്നെ പോലെ മധുര പതിന്നേഴല്ലല്ലോ എനിക്ക്. അതുകൊണ്ട് പഴയ പോലൊന്നും കേള്‍ക്കില്ല എനിക്ക്…………………… : അമ്മുക്കുട്ടിയമ്മ കളിയാക്കിയതാണെന്ന് മനസിലായെങ്കിലും അബൂട്ടിക്കത് നന്നേ ബോധിച്ചു. മുഖത്ത് ഒരു ചെറിയ ചിരി വന്നു.
നീ ചുമ്മാ വടി പോലെ നിക്കാതെ എന്തിനാ തൊള്ള കീറിയതെന്ന് പറ എന്‍റെ അബൂട്ടിയേ…………. : അടുക്കള വാതിലിനു നേരെ നടക്കുമ്പോള്‍ അമ്മുക്കുട്ടിയമ്മ പറഞ്ഞതു കേട്ട്, അയാള്‍ക്ക് പെട്ടെന്ന് സ്ഥലകാല ബോധം വന്നു.
നിങ്ങള്‍ കാലത്ത് ഹാജിയാര്‍ക്ക് പാലിന്‍ വെള്ളം കൊടുത്തില്ലേ ? ചെക്കപ്പിന് കൊണ്ടു പോകാന്‍ ആ ആലിക്കാന്‍റെ ചെക്കന്‍ ഇപ്പോ കാറും കൊണ്ടു വരും. അതിനു മുമ്പ് അങ്ങേര്‍ക്ക് ഒരിറ്റു വെള്ളം കൊടുക്കാന്‍ പോലും നിങ്ങള്‍ക്ക് സമയമില്ല എന്നു വെച്ചാ കുറച്ചു കഷ്ടമാ കേട്ടോ അമ്മുക്കുട്ടിയമ്മേ, നിങ്ങളുടെ കാര്യം ?
അബൂട്ടി ശാസനാ സ്വരത്തില്‍, അവരുടെ പുറകെ നടന്നു കൊണ്ട് പറഞ്ഞു.
വര്‍ഷങ്ങളായി സുല്‍ത്താന്‍ മന്‍സില്‍ എന്ന ആ വലിയ വീട്ടിലെ കാര്യസ്ഥരാണ് രണ്ടു പേരും. കാരണവരായിരുന്ന റഹ്മാന്‍ ഹാജി മരിച്ചതിന് ശേഷം അദേഹത്തിന്‍റെ അനുജന്‍ അഹമ്മദ് ഹാജി തനിച്ചാണ് അവിടെ താമസം. അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല. സഹായത്തിന് അബൂട്ടി ഒരു നിഴല്‍ പോലെ എപ്പോഴും അദേഹത്തിന്‍റെ കൂടെയുണ്ടാവും. അടുക്കളപണിയും അല്ലറ ചില്ലറ പുറം പണിയുമാണ് അമ്മുക്കുട്ടിയമ്മയുടെ ജോലി. വീട് അടുത്തു തന്നെയായത് കൊണ്ട് അവര്‍ക്ക് ഏതു സമയത്തും അവിടെ വരുകയും പോകുകയും ചെയ്യാം. രണ്ടു പേര്‍ക്കും പ്രായം അറുപത് കഴിഞ്ഞെങ്കിലും ഹാജിയാരുടെ കാര്യങ്ങള്‍ക്ക് അവര്‍ ഒരു കുറവും വരുത്താറില്ല.
മാസങ്ങളായി ഹാജിക്ക് കാഴ്ച തീരെ കുറവാണ്. അതു കൊണ്ട് അയാള്‍ പുറത്തെക്കൊന്നും പോകാറില്ല. മാസത്തില്‍ ഒരിക്കലുള്ള ഹോസ്പിറ്റല്‍ ചെക്കപ്പിന് പലചരക്കു കടക്കാരന്‍ ആലിക്കോയയുടെ മകന്‍ നവാസ് തന്‍റെ ടാക്സിയുമായി വന്ന് ഹാജിയാരെ കൂട്ടിക്കൊണ്ടു പോകും. അബൂട്ടിയും കൂടെ ചെല്ലുമെങ്കിലും അയാള്‍ക്ക് ഹോസ്പിറ്റലിലെ കാര്യങ്ങളൊന്നും വലിയ പിടിയില്ലാത്തത് കൊണ്ട് എല്ലാം നവാസാണ് ചെയ്യുക. എന്തെങ്കിലും അത്യാവശ്യ കാര്യമാണെങ്കില്‍ പള്ളിയുടെ അടുത്ത് സ്വന്തമായി ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ ബെഞ്ചമിനും വീട്ടില്‍ വന്ന്‍ നോക്കാറുണ്ട്. സുല്‍ത്താന്‍ മന്‍സിലിലേക്കാണെന്ന് പറഞ്ഞാല്‍ നാട്ടില്‍ ആരും അങ്ങനെ ഒഴിവ് കഴിവ് പറയില്ല. അത് റഹ്മാന്‍ ഹാജിയുടെ കാലം മുതലെയുള്ള പതിവാണ്.
കൊടുത്തില്ലെന്ന് ആരാ അബൂട്ടി പറഞ്ഞത് ? ഹാജിയാര് പറഞ്ഞോ ? ഞാന്‍ വന്നപ്പോ തന്നെ ഇതുങ്ങളെ കറന്ന്, അത് ചൂടാക്കി ഹാജിയാര്‍ക്ക് കൊടുത്തിട്ടാ അടുക്കളയില്‍ പോലും കയറിയത്……………. :
അമ്മുക്കുട്ടിയമ്മ പരിഭവത്തോടെ പറഞ്ഞു. മൂന്നു മക്കളാണ് അമ്മുക്കുട്ടിയമ്മക്ക്. രണ്ടാണും ഒരു പെണ്ണും. മകളെ കെട്ടിച്ചയച്ചു. മൂത്ത മകന്‍ കുറച്ചു നാള്‍ മുമ്പ് ഒരു അപകടത്തില്‍ മരിച്ചതിന് ശേഷം സുല്‍ത്താന്‍ മന്‍സിലിന്‍റെ അടുത്തു തന്നെ, ഒരു ഇടവഴിക്കപ്പുറമുള്ള, ഇളയ മകന്‍റെ വീട്ടിലാണ് അവരുടെ താമസം.
ഹാജിയാര്‍ക്ക് പ്രമേഹം കൂടിയപ്പോള്‍ നിര്‍ബന്ധമായും എന്നും ആട്ടിന്‍പാല്‍ കൊടുക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണ് അവിടെ ആടുകളെ വളര്‍ത്താന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഒന്നു മാത്രമായിരുന്നെങ്കിലും പിന്നീട് അത് പെറ്റ് ഇപ്പോ നാലെണ്ണം വരെയായി. എങ്കിലും ഒന്നിനെയും വില്‍ക്കാന്‍ അമ്മുക്കുട്ടിയമ്മയുടെ മനസ്സ് അനുവദിച്ചില്ല. അവര്‍ക്ക് അവറ്റകളെ അത്രക്കിഷ്ടമായിരുന്നു. അമ്മുക്കുട്ടിയമ്മ ആടുകളെ മക്കളെപ്പോലെയാണ് നോക്കുന്നത് എന്നറിയാവുന്നത് കൊണ്ട് ഹാജിയാരോ അബൂട്ടിയോ എതിരു പറഞ്ഞതുമില്ല.
ഉവ്വോ ? അപ്പോ ഹാജിയാര് മറന്നതാവും. ഈയിടെയായി മൂപ്പര്‍ക്ക് മറവി ഇത്തിരി കൂടുതലാണോ എന്ന് എനിക്ക് സംശയമുണ്ട്……… : അബൂട്ടി തന്‍റെ മൊട്ടത്തലയില്‍ വിരലോടിച്ചു കൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു.
ഹാജിയാര്‍ക്ക് മാത്രമല്ല, അബൂട്ടിയെ നിനക്കും മറവി കുറച്ചു കൂടുതലാണ്. പ്രായം കുറെയായില്ലെ ? ഇതുങ്ങടെ കിടപ്പാടം ചോരുന്നെന്ന് ഞാന്‍ പറഞ്ഞീട്ടെത്ര ദിവസമായി. ഇതുവരെ അതൊന്ന് ശരിയാക്കാന്‍ നിനക്കു തോന്നിയോ ? അവസാനം ആ വാസൂട്ടിയെ വിളിച്ച് ഞാന്‍ തന്നെ ശരിയാക്കിച്ചു. അല്ലെങ്കില്‍ പെട്ടെന്ന് മഴ വന്നാല്‍ ഈ പാവങ്ങള്‍ എന്താ ചെയ്യുക ? : അമ്മുക്കുട്ടിയമ്മ തന്‍റെ ആടുകളെ നോക്കിക്കൊണ്ട് പറഞ്ഞു. അവര്‍ക്ക് അവയെ വലിയ കാര്യമാണ്. പ്രത്യേകിച്ച് കുട്ടികളില്‍ മൂത്തതിനെ. അതിന് രണ്ടു വയസ്സുണ്ട്. ഇളയ രണ്ടിനും എട്ടു മാസമേ പ്രായമുള്ളൂ.
വെളുത്തുരുണ്ട തന്‍റെ പ്രിയപ്പെട്ട ആടിനെ മണിക്കുട്ടി എന്നാണ് അമ്മുക്കുട്ടിയമ്മ വിളിക്കുക. അതിനോട് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം തോന്നാന്‍ ഒരു പ്രത്യേക കാരണമുണ്ട്. റഹ്മാന്‍ ഹാജി മരിച്ച് അര മണിക്കൂറിനുള്ളിലാണ് മണിക്കുട്ടിയെ പെറ്റത്. ഹാജിക്ക് നെറ്റിയില്‍ ഉണ്ടായിരുന്ന കറുത്ത വലിയ മറുക് പോലൊരു പൊട്ട് മണിക്കുട്ടിയുടെ നെറ്റിയിലുമുണ്ട്. അവള്‍ വലിയ ഹാജിയാരുടെ പുനര്‍ജന്‍മമാണെന്നാണ് അമ്മുക്കുട്ടിയമ്മക്ക് തോന്നിയത്. അത് പറഞ്ഞപ്പോള്‍ അബൂട്ടി അവരെ കളിയാക്കി. അല്ലെങ്കിലും താന്‍ ഒഴിച്ച് ഈ ദുനിയാവിലുള്ള എല്ലാവരും മണ്ടന്‍മാരാണെന്നാണ് അയാളുടെ ധാരണ. അതും പറഞ്ഞ് അയാള്‍ ഇടക്കിടെ കുത്തുമ്പോള്‍ അമ്മുക്കുട്ടിയമ്മക്ക് ദേഷ്യം വരും. പിന്നീട് ആരോടും മണിക്കുട്ടിയെ കുറിച്ചുള്ള തന്‍റെ സംശയം പറഞ്ഞില്ലെങ്കിലും ആരോടും വഴക്കിടാത്ത അവളുടെ ശാന്ത സ്വഭാവം കൂടി കണ്ടപ്പോള്‍ അത് ഹാജിയാരുടെ തനി പകര്‍പ്പ് തന്നെയാണെന്ന് അവര്‍ ഉറപ്പിച്ചു.കൂടെയുണ്ടായിരുന്ന പലതിനെയും വളര്‍ത്താനായി അയല്‍പക്കത്തുള്ളവര്‍ കൊണ്ടു പോയെങ്കിലും അമ്മുക്കുട്ടിയമ്മക്ക് മണിക്കുട്ടിയെ വിട്ടു കൊടുക്കാന്‍ തോന്നിയില്ല.
പിന്നേ ഞാന്‍ മറന്നതൊന്നുമല്ല. എടുപിടീന്ന് ശരിയാക്കാന്‍ ഇവറ്റകള് ഹാജിയാരുടെ കൊച്ചു മക്കളൊന്നുമല്ലല്ലോ………… രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ വലിയ ഹാജിയാരുടെ മക്കളും കൊച്ചു മക്കളുമൊക്കെ ഇങ്ങെത്തും. അവര്‍ക്ക് നേരെ ചൊവ്വെ ഒന്നു കിടക്കാന്‍ കൂടി ഇവിടെ ഒരു മുറിയില്ല. എല്ലാം പൊടി പിടിച്ചു കിടക്കുകയാ…….. ……. അത് നേരാം വണ്ണം ഒന്നു തൂത്തു വൃത്തിയാക്കാന്‍ എന്നെ കൊണ്ടോ നിങ്ങളെ കൊണ്ടോ ആകുമോ ? അങ്ങ് ഇംഗ്ലണ്ടിലും മലേഷ്യയിലുമൊക്കെ കഴിയുന്ന കുട്ടികളാ………….. ഇവിടത്തെ സൌകര്യങ്ങളൊക്കെ പിടിക്കുമോ എന്തോ ? പോരാത്തതിന് എല്ലാം ഒന്നു കൂടി പെയിന്‍റടിക്കണമെന്ന് ഇന്നലെ കല്‍ക്കട്ടയില്‍ നിന്ന് റസാക്ക് വിളിച്ചു പറഞ്ഞിരിക്കുന്നു. എല്ലാത്തിനും കൂടി ആളെ കിട്ടാതെ വാലുമ്മേല്‍ തീ പിടിച്ച് ഞാന്‍ നടക്കുവാ……….
അബൂട്ടി പറഞ്ഞു.
ആറു മാസം മുമ്പാണല്ലോ വീട് മൊത്തത്തില്‍ പെയിന്‍റടിച്ചത് എന്ന്‍ അമ്മുക്കുട്ടിയമ്മ ഓര്‍ത്തു. അന്ന് റഹ്മാന്‍ ഹാജിയുടെ മൂത്ത മകന്‍ ഇംഗ്ലണ്ടിലുള്ള കരീമിന്‍റെ മകള്‍ നസിയയുടെ നിക്കാഹിന് എല്ലാവരും കൂടി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് എന്തോ കാരണത്താല്‍ മുടങ്ങിയതിനാല്‍ ആരും വന്നില്ല.
പെരുന്നാള് കൂടാനും നസിയയുടെ പുതുതായി ഉറപ്പിച്ച നിക്കാഹില്‍ പങ്കെടുക്കാനുമാണ് എല്ലാവരും ഇപ്പോള്‍ വരുന്നത്. നിലമ്പൂരില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇംഗ്ലണ്ടില്‍ കുടിയേറിയ, അവിടത്തെ പ്രമുഖ വ്യവസായിയായ ഇസ്മയില്‍ റാവുത്തറുടെ ഏക മകന്‍ നസീര്‍ റാവുത്തറാണ് വരന്‍. പയ്യന്‍റെ വീട്ടുകാരെല്ലാം വിവാഹത്തിന് ഒരാഴ്ച മുമ്പേ നാട്ടിലെത്തും.നാട്ടില്‍ തന്നെ നിക്കാഹ് നടത്തണം എന്നത് രണ്ടു വീട്ടുകാരുടെയും ആഗ്രഹമായിരുന്നു.
Read അച്ഛനും മകളും (കഥ)
അപ്പോഴേക്കും മുറ്റത്ത് ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. നവാസാണെന്ന് അയാള്‍ക്ക് മനസിലായി.
ഞാന്‍ പോട്ടെ…… ഓന്‍ വന്നു……….. അല്ലെങ്കില്‍ ഹാജിയാര്‍ ഇപ്പോ തൊള്ള തൊറക്കാന്‍ തുടങ്ങും. : അയാള്‍ വീടിന്‍റെ ഒരു വശത്തു കൂടി വേഗം മുന്‍ഭാഗത്തേക്ക് നടന്നു. അപ്പോഴേക്കും ഹാജിയാരുടെ വിളി അപ്പുറത്തു നിന്നു കേട്ടു.
രണ്ടു ദിവസം കഴിഞ്ഞുള്ള ഉച്ച തിരിഞ്ഞ നേരത്ത് ഹാജിയുടെ കൊയിലാണ്ടിയിലുള്ള പെങ്ങള്‍ സൈനബയും കുടുംബവും,ബന്ധുക്കളില്‍ കന്നിക്കാരായി, എത്തുമ്പോഴേക്കും പെയിന്‍റിങ്ങും മറ്റു ജോലികളും ഏറെക്കുറെ തീര്‍ന്നിരുന്നു.എന്നിട്ടും ഓരോ പണിയുടെയും കുറ്റവും കുറവും കണ്ടു പിടിക്കാന്‍ സൈനബയും ഭര്‍ത്താവ് സുലൈമാനും മല്‍സരിച്ചത് അബൂട്ടിയെ കുറച്ചൊന്നുമല്ല ദേഷ്യം പിടിപ്പിച്ചത്. അയാള്‍ പക്ഷേ അതൊന്നും പുറത്തു കാണിച്ചില്ല.
അമ്മുക്കുട്ടിയമ്മയോട് പക്ഷേ അവര്‍ ഒന്നും പറഞ്ഞില്ല. അന്യ മതസ്ഥയായ അവരെ അവിടെ ജോലിക്ക് നിര്‍ത്തുന്നതിന് പോലും രണ്ടു പേരും എതിരായിരുന്നു. പക്ഷേ ഒന്നുമില്ലായ്മയില്‍ നില്‍ക്കുമ്പോള്‍ മുതല്‍ സുല്‍ത്താന്‍ മന്‍സിലിലുള്ള അവരെ കൈ വിടാതിരുന്നത് അഹമ്മദ് ഹാജിയുടെ നല്ല മനസ്സ് കൊണ്ടാണ്. അതുകൊണ്ട് ആ വൃദ്ധയെ സൈനബയും കൂട്ടരും കണ്ട ഭാവം പോലും കാണിച്ചില്ല എന്നു മാത്രമല്ല അവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ്, അവര്‍ കേള്‍ക്കെ തന്നെ അബൂട്ടിയെ ശകാരിക്കുകയും ചെയ്തു.
കാഴ്ച കുറവാണെങ്കിലും മറ്റുള്ളവരുടെ വേദനകള്‍ കാണാന്‍ ഹാജിക്കുള്ള കഴിവ് ആ കുടുംബത്തില്‍ മറ്റാര്‍ക്കുമില്ലെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അദേഹത്തിനു വേണ്ടി സുല്‍ത്താന്‍ മന്‍സിലില്‍ നിന്ന് ഒരു സഹായത്തിന് വിളിച്ചാല്‍ അവര്‍ ഏതു സമയത്തും ഓടിയെത്തുന്നതും. അദ്ദേഹം കഴിഞ്ഞാല്‍ ആ കുടുംബത്തില്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും സഹായിക്കാനുമുള്ള മനസ്ഥിതിയുള്ളത് കരിമിനാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നാട്ടിലെത്തുന്ന അവസരങ്ങളില്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കണ്ട് കഴിയുന്നത്ര അവരെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട് കരിം.
മുറ്റത്ത് കുട്ടികള്‍ കളിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് പിന്നാമ്പുറത്ത് പ്ലാവിന്‍ ചുവട്ടില്‍ കെട്ടിയിട്ടിരുന്ന മണിക്കുട്ടി ഒന്നു കാതോര്‍ത്തത്. ഓടി ചാടിയുള്ള അവരുടെ കളി ചിരികള്‍ കണ്ടപ്പോള്‍, കൂടെ ചേരാനായി അവള്‍ അങ്ങോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും മരത്തിലെ കെട്ട് തടസമായി. അമ്മുക്കുട്ടിയമ്മയുടെ കെട്ട് മുറുകാതിരുന്നത് കൊണ്ടോ എന്തോ അവള്‍ ഒന്നു ശ്രമിച്ചപ്പോള്‍, കയര്‍ പെട്ടെന്ന് അഴിഞ്ഞു. ഉടനെ മണിക്കുട്ടി കുട്ടികളുടെ അടുത്തേക്കോടി.
അല്പം കഴിഞ്ഞപ്പോള്‍, പുറത്തെ കുട്ടികളുടെ ബഹളവും അബൂട്ടിയുടെ ഉച്ചത്തിലുള്ള വിളിയും കേട്ടപ്പോഴാണ് അമ്മുക്കുട്ടിയമ്മ അടുക്കളയില്‍ നിന്ന് പുറത്തേക്ക് വന്നത്. അപ്പോള്‍ അബൂട്ടി മണിക്കുട്ടിയുടെ കയറില്‍ പിടിച്ചു വലിച്ചു കൊണ്ടു വരുന്നതാണ് അവര്‍ കണ്ടത്.
നൂറു കൂട്ടം പണികള്‍ക്കിടക്ക് ഇതിന്‍റെ കാര്യം കൂടി നോക്കണം എന്നു വെച്ചാ കഷ്ടമാ കേട്ടോ, അമ്മുക്കുട്ടിയമ്മേ…………. : അയാള്‍ പറഞ്ഞു.
എന്താ ഇപ്പോ പറ്റിയത് ? കയര്‍ പൊട്ടിച്ചോ ഇവള്‍ ? : കയര്‍ വാങ്ങിച്ചു കൊണ്ട് അമ്മുക്കുട്ടിയമ്മ ചോദിച്ചു. മണിക്കുട്ടി സാധാരണ അങ്ങനെ ചെയ്യാറില്ലല്ലോ എന്ന് അവര്‍ക്കു തോന്നി.
പൊട്ടിച്ചോന്നോ ? അവിടെ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ഉപദ്രവിക്കാന്‍ ചെന്നു ഇത്. അവസാനം ആ മൂത്ത ചെക്കന്‍ മടലെടുത്ത് രണ്ടു കൊടുത്തു. ഞാന്‍ ഇപ്പോ കണ്ടതു നന്നായി. ഇനി രണ്ടു ദീസം കൂട്ടില്‍ നിന്നിറക്കണ്ട ഇവറ്റകളെ……….. : അബൂട്ടി ദേഷ്യത്തോടെ പറഞ്ഞു. അമ്മുക്കുട്ടിയമ്മ ഒന്നും പറയാതെ മണിക്കുട്ടിയെ കെട്ടിയിടാനായി പഴയ പ്ലാവിന്‍ ചുവട്ടിലേക്ക് നടന്നു.
നീ ഇങ്ങനെ സാധാരണ ചെയ്യാറില്ലല്ലോ. ഇന്നെന്താ നിനക്കു പറ്റിയത്, മണിക്കുട്ടി ? : കയര്‍ മുറുക്കി കെട്ടുന്നതിനിടയില്‍ അവര്‍ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. മറുപടിയായി അവള്‍ ഒന്നും പറഞ്ഞില്ലെങ്കിലും ആ കണ്ണുകള്‍ നിറഞ്ഞിരുന്നോ എന്ന്‍ അമ്മുക്കുട്ടിയമ്മക്കു സംശയം തോന്നി. റഹ്മാന്‍ ഹാജിക്കും കുട്ടികളുടെ കൂടെ കളിക്കുന്നത് വലിയ ഇഷ്ടമായിരുന്നല്ലോ എന്നവര്‍ പെട്ടെന്നോര്‍ത്തു.
നിനക്ക് ശരിക്ക് വേദനിച്ചോ ? സാരമില്ല………. ഇനി നീ അവരുടെ അടുത്തെക്കൊന്നും പോകണ്ട. കണ്ണില്‍ ചോരയില്ലാത്തവരാ…….. : മണിക്കുട്ടിയുടെ മുതുകിലെ അടിയേറ്റ പാട് തടവിക്കൊണ്ട് അമ്മുക്കുട്ടിയമ്മ പറഞ്ഞു. ഒന്നും മിണ്ടാതെ അവള്‍ അവരുടെ ദേഹത്ത് ഒട്ടിനിന്നു. അവള്‍ക്ക് ശരിക്ക് വേദനിച്ചിട്ടുണ്ടാവുമെന്ന് അവര്‍ക്കപ്പോള്‍ തോന്നി.
എനിക്കു തലക്ക് നല്ല സുഖമില്ലെന്നാണ് ഇവിടെയെല്ലാവരും പറയുന്നത്. മണിക്കൂട്ടീ, നീയെങ്കിലും സത്യം പറ……… നീ ഞങ്ങളുടെ വലിയ ഹാജിയാര്‍ തന്നെയല്ലേ ? അല്ലെങ്കില്‍ പിന്നെയേങ്ങനെയാ നീ അദേഹത്തിന്‍റെ അതേ സ്വഭാവം കാണിക്കുന്നത് ? ഹാജിയാര്‍ പോയി കുറച്ചു കഴിഞ്ഞപ്പോള്‍ നീ വന്നു. അങ്ങനെയുള്ളപ്പോ അത് പുനര്‍ജന്‍മമാണെന്നാ പഴമക്കാരൊക്കെ പറയുന്നത്. പോരാത്തതിന്, അദ്ദേഹം കഴിച്ചിരുന്ന പോലെ നീയും ചക്ക കൂട്ടാനും മോരു കറിയുമൊക്കെ കഴിക്കും. ഇവിടെ അദ്ദേഹവും ഞാനുമല്ലാതെ വേറാരും അത് കഴിക്കാറില്ലായിരുന്നു. : മുട്ടു മടക്കി നിലത്തിരുന്ന് മണിക്കുട്ടിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അമ്മുക്കുട്ടിയമ്മ ചോദിച്ചു. ഒന്നു നോക്കുക പോലും ചെയ്യാതെ അവള്‍ മരത്തിന്‍റെ മറവിലേക്ക് മാറുന്നത് കണ്ടപ്പോള്‍ പിണക്കമാണെന്ന് അവര്‍ക്ക് മനസിലായി.
കൊല്‍ക്കത്തയില്‍ നിന്ന് ഹാജിയുടെ ഇളയ മകന്‍ സത്താറും മലേഷ്യയില്‍ നിന്ന് ജമാലുമെല്ലാം കുടുംബ സമേതം വന്നതോടെ സുല്‍ത്താന്‍ മന്‍സിലില്‍ പെരുന്നാളാഘോഷം തുടങ്ങി. കരീമും കുടുംബവുമൊഴിച്ച് ബാക്കിയുള്ളവരെല്ലാം ഇന്നും നാളെയുമായി എത്തും. കരിം കുടുംബസമേതം മറ്റന്നാള്‍, പെരുന്നാള്‍ ദിവസം രാവിലെയേ എത്തൂ.
വന്നവരെല്ലാം സുല്‍ത്താന്‍ മന്‍സിലിന്‍റെ മുകള്‍നിലയിലെ വരാന്തയോട് ചേര്‍ന്നുള്ള മുറിയില്‍ ഒത്തു കൂടി. സുലൈമാന്‍, സൈനബ, സത്താര്‍, ഭാര്യ ജമീല, ജമാല്‍, ഭാര്യ ഫൌസിയ………. കുട്ടികള്‍ പുറത്ത് വരാന്തയിലും താഴെയുമായി കളിക്കുകയാണ്.
പെരുന്നാള് നമുക്ക് ഉഷാറാക്കണം. എത്ര നാള് കൂടിയീട്ടാ നമ്മള്‍ എല്ലാവരും ഇങ്ങനെ ഒത്തുകൂടുന്നത്. ഏതായാലും ഇളയുമ്മയുടെ സ്പെഷ്യല്‍ ബിരിയാണി വേണം. അതു മസ്റ്റാ. ഇളയുമ്മയുടെ കൈപ്പുണ്യം എന്താണെന്ന് ജമീലയും ഒന്നറിയട്ടെ……………… : സത്താര്‍ തന്‍റെ ഇളയുമ്മ സൈനബയുടെ പാചകത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് പറഞ്ഞു. അതു കേട്ടപ്പോള്‍ എല്ലാവരും ഒന്നു ചിരിച്ചു. ഫൌസിയ എല്ലാവര്‍ക്കും കുടിക്കാനുള്ള തണുത്ത പാനീയം ഒരു പ്ലേറ്റില്‍ കൊണ്ടു വന്നപ്പോള്‍ ഒരു ഗ്ലാസ് അയാളും എടുത്തു.
നാട്ടില്‍ ഒരുവിധം അറിയപ്പെടുന്ന പാചക വിദഗ്ദ്ധയാണ് അമ്പത് കഴിഞ്ഞ സൈനബ. ചില പ്രാദേശിക ടി.വി ചാനലുകളിലും അവര്‍ തന്‍റെ പാചക പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.
അതിനി ഇപ്പോ ഞാന്‍ അറിയാന്‍ എന്താ ഉള്ളത് ? ഞാന്‍ ഇവിടെ വന്നു കയറിയത് ഇന്നോ ഇന്നലെയോ ഒന്നുമല്ലല്ലോ………. : തന്നെ കളിയാക്കിയതാണോ എന്ന സംശയത്തില്‍ ജമീല പെട്ടെന്ന് പറഞ്ഞു.
അല്ല നീ അറിഞ്ഞിട്ടും കാര്യമൊന്നുമില്ല. എന്തൊക്കെയായാലും എന്‍റെ ഇളയുമ്മയുടെ കൈപുണ്യമൊന്നും നിനക്കില്ല. അല്ലേ ഇളയുമ്മ ? : അടുത്തു വന്ന്‍ സൈനബയുടെ കൈ പിടിച്ചു കൊണ്ട് സത്താര്‍ പറഞ്ഞു. ആ പറഞ്ഞത് ജമീലയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സൈനബക്ക് തോന്നി.
ഇതതൊന്നുമല്ല ജമീല, ഇവന് പെരുന്നാളിന് ഞാന്‍ ഉണ്ടാക്കുന്ന ബിരിയാണി കഴിക്കണം. അതിനുള്ള അടവാ ഇതൊക്കെ……… കൊതിയന്‍. ഇവന്‍റെ പഴയ സ്വഭാവത്തിന് ഇപ്പൊഴും ഒരു മാറ്റവും വന്നിട്ടില്ല. മാര്‍ക്കെറ്റില്‍ പോയി എന്താണ് വേണ്ടതെന്ന് വാങ്ങിച്ചു കൊണ്ടു വന്നാല്‍ ഞാന്‍ ഉണ്ടാക്കി തരാം, എന്‍റെ മുത്തേ…………. : സ്നേഹത്തോടെ സത്താറിന്‍റെ കവിളില്‍ നുള്ളിക്കൊണ്ട് സൈനബ പറഞ്ഞു. അവരുടെ ചിരിയില്‍ എല്ലാവരും പങ്കു ചേര്‍ന്നു.
അതിനിപ്പോ എന്തിനാ മാര്‍ക്കെറ്റില്‍ പോകുന്നത് ? ഇവിടെ തന്നെയുണ്ടല്ലോ നല്ല സൊയമ്പന്‍ സാധനം………. മട്ടന്‍ ബിരിയാണി തന്നെയായിക്കോട്ടെ. അതാകുമ്പോ പുറത്തു നിന്നു വാങ്ങണ്ടല്ലോ : ജമാല്‍ പറഞ്ഞപ്പോള്‍ അത് ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി.
Read മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍
അതു ശരിയാണല്ലോ. ഇളയാപ്പ ഒരാള്‍ക്ക് വേണ്ടി എന്തിനാ നാലെണ്ണത്തെ വളര്‍ത്തുന്നത് ? ഒരെണ്ണം പോരേ ? : കാലി പ്ലേറ്റും കൊണ്ട് പുറകോട്ടു മാറുന്നതിനിടയില്‍ ഫൌസിയ തന്‍റെ ഭര്‍ത്താവിനെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.
അല്ലെങ്കിലും ഈ ആട്ടിന്‍പാല്‍ കുടിക്കണം എന്നു പറയുന്നതിനോട് എനിക്കു യോജിപ്പില്ല. അതൊക്കെ വെറുതെയാന്നേ………. പിന്നെ ഞാനായിട്ട് തടസ്സം വേണ്ട എന്നു വെച്ച് ഒന്നും പറഞ്ഞില്ലെന്നെയുള്ളൂ…………… : ബനിയനില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന തന്‍റെ കുടവയര്‍ തലോടിക്കൊണ്ട് സുലൈമാനും അവരുടെ പക്ഷം ചേര്‍ന്നു.
ആ സമയം അടുത്തുള്ള മുറിയില്‍ ബാഗും സ്യൂട്ട്കെയ്സുമായി പോകുന്ന അബൂട്ടിയെ കണ്ടപ്പോള്‍ സുലൈമാന്‍ പറഞ്ഞു.
അബൂട്ടീ, നീ ആ അറവുകാരന്‍ ഹൈദരാലിയോട് എത്രയും വേഗം ഇവിടെയൊന്ന് വരാന്‍ പറയണം.
ഹൈദരാലിയുടെ പേര് കേട്ടതും അയാളൊന്നു ഞെട്ടി. കയ്യിലുണ്ടായിരുന്ന ബാഗും സ്യൂട്കെയ്സും താഴെ വെച്ചു.
അതിപ്പോ എന്തിനാ ഹൈദരാലി ? :
നടുക്കത്തോടെ അയാള്‍ ചോദിച്ചു. എവിടെയോ എന്തോ പന്തികേടുണ്ടെന്ന് അയാള്‍ക്ക് തോന്നി.
പെരുന്നാളിന് സൈനബയുടെ വക സ്പെഷ്യല്‍ മട്ടന്‍ ബിരിയാണിയാ. അതാകുമ്പോ ഇവിടെതന്നെയുണ്ടല്ലോ. പാകം നോക്കി വെട്ടാന്‍ അയാള്‍ക്കറിയാം…………….. : സുലൈമാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. അബൂട്ടി പകപ്പോടെ എല്ലാവരെയും മാറി മാറി നോക്കി. അമ്മുക്കുട്ടിയമ്മയുടെ കാര്യമാണ് അയാള്‍ അപ്പോള്‍ പെട്ടെന്നോര്‍ത്തത്.
അത് പുറത്തു നിന്നു വാങ്ങിച്ചാ പോരേ ? എത്രയാണെന്നു പറഞ്ഞാല്‍ ഞാന്‍ തന്നെ നല്ലതു നോക്കി വാങ്ങിക്കൊണ്ടു വരാം…………….. : അബൂട്ടി എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.
അതിനിപ്പോ എന്തിനാ പുറത്തു നിന്നു വാങ്ങുന്നെ ? അതും നല്ല നാടന്‍ ഇനം ഇവിടെയുള്ളപ്പോ ? : സത്താര്‍ ദേഷ്യത്തോടെ അയാളോട് ചോദിച്ചു.
മാത്രമല്ല, പുറത്തു നിന്നു വാങ്ങിച്ചാ എന്തൊക്കെ അസുഖങ്ങളാ വരുന്നതെന്ന് പറയാന്‍ പറ്റില്ല. കാലം അതാ…………. : ജമാലും കൂടി പറഞ്ഞപ്പോള്‍ അബൂട്ടി ഉള്ള സത്യം വെളിപ്പെടുത്തി.
അതല്ല, അമ്മുക്കുട്ടിയമ്മ അവരെ സ്വന്തം മക്കളെ പോലെയാണ് നോക്കുന്നത്. അവര് സമ്മതിക്കില്ല………………. : അബൂട്ടി വിഷമത്തോടെ പറഞ്ഞു.
അതിനിപ്പോ ആരാ അവരുടെ സമ്മതം ചോദിച്ചത് ? വീട്ടുകാര്‍ക്ക് എന്തെങ്കിലും വെച്ചു വിളമ്പി കഴിക്കണമെങ്കില്‍ ജോലിക്കാരുടെ സമ്മതം വേണമെന്ന് പറയുന്നത് ഞാന്‍ ആദ്യമായി കേക്കുകയാ…………… : സത്താര്‍ തുറന്നടിച്ചു. അയാള്‍ ദേഷ്യം കൊണ്ട് വിറച്ചു. ആര്‍ക്കും താന്‍ പറഞ്ഞത് ഇഷ്ടമായില്ലെന്ന് അബൂട്ടിക്ക് മനസിലായി.
അയാള്‍ ആകെ വിഷമ സന്ധിയിലായി. അതു കണ്ട് സുലൈമാന്‍ പറഞ്ഞു :
നീ ഒന്നും ആലോചിക്കണ്ട, ഞാന്‍ പറഞ്ഞ പോലെ ആ ഹൈദരാലിയെ ഇന്നു തന്നെ ഇങ്ങോട്ടു വരാന്‍ പറയുക………… ബാക്കി ഞാന്‍ നോക്കിക്കൊള്ളാം.
അബൂട്ടി ഗത്യന്തരമില്ലാതെ തലയാട്ടി. എന്നിട്ട് താഴെ വെച്ച ബാഗും സ്യൂട്കെയ്സുമെടുത്ത് അടുത്ത മുറിയിലേക്ക് നടന്നു.
അബൂട്ടി നേരത്തെ പറഞ്ഞ പ്രകാരം അമ്മുക്കുട്ടിയമ്മ രണ്ടു ദിവസം ആടുകളെ കൂട്ടില്‍ നിന്നിറക്കിയില്ല. പെരുന്നാള് കഴിയുന്നതു വരെ ഇങ്ങനെ തന്നെ പോട്ടെ എന്ന് അവരും തീരുമാനിച്ചു. അവയ്ക്ക് പുല്ലു കൊടുത്ത് താഴേയ്ക്കിറങ്ങിയപ്പോഴാണ് അബൂട്ടി ഒരാളെയും കൂട്ടി വരുന്നത് കണ്ടത്. അബൂട്ടി അവരെ കാണാത്ത മട്ടില്‍ അയാളെയും കൊണ്ട് ആടുകള്‍ക്ക് അടുത്തെത്തി.
ഹൈദരാലിയെ കണ്ട് മനസിലാകാത്തതുകൊണ്ട് അതാരാണെന്ന് അറിയാന്‍ അമ്മുക്കുട്ടിയമ്മ അബൂട്ടിയെ വിളിച്ചു. അയാള്‍ ഹൈദരാലിയെ അവിടെ തന്നെ നിര്‍ത്തി താഴേക്ക് വന്നു.
ആരാ അബൂട്ടി എന്‍റെ കുട്ടികളുടെ അടുത്ത് ? : അവര്‍ ആകാംക്ഷയോടെ ചോദിച്ചു. അവരുടെ മുഖത്തേക്ക് നോക്കാന്‍ അബൂട്ടിക്ക് മടി തോന്നി.
പഴയ പോലൊന്നുമല്ല, അമ്മുക്കുട്ടിയമ്മേ……….. ഹാജിയാര്‍ക്ക് ഇനി ആട്ടിന്‍പാല്‍ ഇടക്കു മാത്രം കൊടുത്താല്‍ മതി എന്നു ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാത്തിനേം ആര്‍ക്കെങ്കിലും കൊടുക്കാനാ ഇവിടുള്ളവരുടെ തീരുമാനം. പിന്നെ പെരുന്നാളായത് കൊണ്ട് എല്ലാവര്‍ക്കും ബിരിയാണി വേണമെന്ന് പറഞ്ഞു. അതിന് ഒരെണ്ണത്തെ അറക്കാനാ ഹൈദരാലി വന്നത്……………. :
അബൂട്ടി എങ്ങും തൊടാതെ, അവരുടെ മുഖത്തേക്ക് പോലും നോക്കാതെ പറഞ്ഞു. എങ്കിലും അവര്‍ ഞെട്ടിയെന്ന് അയാള്‍ക്ക് മനസിലായി. അവര്‍ കേട്ടതു വിശ്വസിക്കാനാവാതെ അബൂട്ടിയെ തുറിച്ചു നോക്കി.
അറക്കാനോ ? എങ്ങനെ തോന്നി അബൂട്ടി നിനക്കത് പറയാന്‍ ? ഇല്ല, ചത്താലും ഞാന്‍ സമ്മതിക്കില്ല……………… : അബൂട്ടിയുടെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചുകൊണ്ട് നിറഞ്ഞ കണ്ണുകളോടെ അമ്മുക്കുട്ടിയമ്മ പറഞ്ഞു.
അതിന് നിങ്ങടെയോ എന്‍റെയോ സമ്മതം ആര്‍ക്കാ വേണ്ടേ ?
മുതലാളിമ്മാര്‍ തീരുമാനിച്ചാല്‍ നമ്മള്‍ അതനുസരിക്കാന്‍ പഠിക്കണം. അതിനാ നമുക്കൊക്കെ ശമ്പളം തരുന്നത്. അല്ലാതെ ആരെയും സ്നേഹിക്കാനോ വളര്‍ത്താനോ അല്ല……………. : അവരുടെ കൈ ബലമായി വിടുവിച്ചു കൊണ്ട് അയാള്‍ രോഷത്തോടെയും വേദനയോടെയും പറഞ്ഞു.
എന്നാലും അബൂട്ടീ……….. ഇത് വേണ്ട……….ഇങ്ങു തന്നാല്‍ മതി ഞാന്‍ കൊണ്ടു പോയി വളര്‍ത്തിക്കോളാം ഇവരെ………….. : അമ്മുക്കുട്ടിയമ്മ ഹൃദയം നുറുങ്ങുന്ന വേദനയോടെ പറഞ്ഞപ്പോള്‍ അബൂട്ടിയും വിഷമിച്ചു. സാരിത്തലപ്പ് കൊണ്ട് അവര്‍ കണ്ണു തുടക്കുന്നത് അയാള്‍ കണ്ടു.
അതൊക്കെ, നിങ്ങള്‍ മേലാപ്പീസര്‍മാരോട് പറഞ്ഞാ മതി. എല്ലാവരും മുന്‍വശത്തുണ്ട്. അവിടെ ചെന്നു പറ ……………………… : അബൂട്ടി നിസ്സഹായതയോടെ അങ്ങനെ പറഞ്ഞിട്ട് ഹൈദരാലിയുടെ അടുത്തേക്ക് നടന്നു.
Read ചുങ്കക്കാരും പാപികളും (കഥ)
അല്ല, ഇത് ശരിയാവില്ല കേട്ടോ : ഹൈദരാലി ആടുകളെ നോക്കി വിളിച്ചു പറഞ്ഞപ്പോള്‍ അബൂട്ടിക്കു ആദ്യം ഒന്നും മനസിലായില്ല. അതിനിടയില്‍ അമ്മുക്കുട്ടിയമ്മയെ ഒന്നു പാളി നോക്കിയപ്പോള്‍ അവര്‍ ഹാജിയാരോട് സങ്കടം ബോധിപ്പിക്കാന്‍ പോകുന്നത് അയാള്‍ കണ്ടു.
എന്താ പറ്റിയത് ? : അബൂട്ടി പരിഭ്രമത്തോടെ ഹൈദരാലിയോട് ചോദിച്ചു.
നിങ്ങള്‍ പറഞ്ഞത് ഈ തള്ളയുടെ കാര്യമല്ലേ ? അതിനെ അറക്കാന്‍ പറ്റില്ല. അതിന്‍റെ പള്ളേലുണ്ട്. പടച്ചോന് നിരക്കാത്തതൊന്നും നമ്മ ചെയ്യില്ല……………. : അയാള്‍ പറഞ്ഞു.
അപ്പോ ഇനി എന്തു ചെയ്യും ? : അബൂട്ടി ആശങ്കയോടെ ചോദിച്ചു.
ദേ, അതാണെങ്കില്‍ ഓക്കെ. നല്ല പാകമാണ് : മണിക്കുട്ടിയെ ചൂണ്ടി ഹൈദരാലി പറഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്നറിയാതെ അബൂട്ടി കുഴങ്ങി. ഒന്നും തീര്‍ത്തു പറയാനാവാതെ അയാള്‍ വിഷമിച്ചു. അമ്മുക്കുട്ടിയമ്മയുടെ നിറഞ്ഞ കണ്ണുകള്‍ വീണ്ടും വീണ്ടും അയാളുടെ മനസിലെത്തി.
ഏതായാലെന്താ ? ഹൈദരാലി ധൈര്യമായി വേണ്ടതു ചെയ്യ്………. : പുറകില്‍ നിന്ന് ജമാലിന്‍റെ ശബ്ദം കേട്ടപ്പോള്‍ രണ്ടു പേരും ഒരേ പോലെ തിരിഞ്ഞു നോക്കി. വല്ലാത്ത പ്രതിസന്ധി ഘട്ടത്തിലായ അബൂട്ടി ഒരു വാക്കു പോലും പറയാതെ, തിരിഞ്ഞു പോലും നോക്കാതെ താഴേയ്ക്കിറങ്ങിപ്പോയി. കാരണം അമ്മുക്കുട്ടിയമ്മ അവളെ എന്തു മാത്രം സ്നേഹിക്കുന്നുണ്ടെന്ന കാര്യം അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. അതോര്‍ത്തപ്പോള്‍ അയാളുടെ നെഞ്ച് പിടഞ്ഞു.
എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന സത്യം അബൂട്ടിയെ വേദനിപ്പിച്ചു.
ഹാജിയാരെ കാണാന്‍ പോയ അമ്മുക്കുട്ടിയമ്മ അതിനു സാധിക്കാതെ മറ്റുള്ളവരുടെ ശാസനകളും കുറ്റപ്പെടുത്തലുകളും
ഏറ്റുവാങ്ങി നെഞ്ചു പൊട്ടുന്ന വേദനയോടെ ഏറെ നേരം നിന്നെങ്കിലും കുറെ കഴിഞ്ഞ് സത്താറും സുലൈമാനും ചേര്‍ന്നാലോചിച്ച്, ഏതാനും നോട്ടുകള്‍ നല്കി അവരുടെ സേവനം എന്നന്നേക്കുമായി അവസാനിപ്പിച്ച്, സുല്‍ത്താന്‍ മന്‍സിലിന്‍റെ ഗേറ്റ് അവര്‍ക്ക് മുന്നില്‍ അടച്ചു. ഹാജിയുടെ കണ്ണുകളിലെ അന്ധത എല്ലാവര്‍ക്കും പകര്‍ന്നോ എന്ന്‍ ആ സ്ത്രീ ഒരുവേള സംശയിച്ചു.
മണിക്കുട്ടിയെ അറക്കാനും തള്ളയാടിനെ മാത്രം നില നിര്‍ത്തി ബാക്കി രണ്ടെണ്ണത്തിനെയും ഹൈദരാലിക്ക് കൊടുക്കാനും തത്വത്തില്‍ തീരുമാനമായി. ഹാജിയാര്‍ എല്ലാം അറിഞ്ഞെങ്കിലും ഒന്നും ചെയ്യാനാവാതെ നിസഹായനായി മുറിയില്‍ തന്നെ ഇരിപ്പുറപ്പിച്ചു. അബൂട്ടിക്ക് എല്ലാത്തിനും മൂക സാക്ഷിയാകേണ്ടി വന്നു.
ആ വൈകുന്നേരം, വിശാലമായ പറമ്പിന്‍റെ ഒരു മൂലയ്ക്ക്, പൊളിഞ്ഞു കിടന്ന പഴയ ആട്ടിന്‍ കൂടിന് മറവില്‍, അറക്കാനായി, തന്‍റെ കയറില്‍ പിടിച്ചു കൊണ്ടു മുന്നില്‍ നടന്ന ഹൈദരാലിയുടെ പിന്നാലെ നല്ല അനുസരണയോടെ, കഴുത്തിലെ മണിയും കിലുക്കി മണിക്കുട്ടി നടന്നു നീങ്ങി.
അവിടെ മരക്കുറ്റിയില്‍ കെട്ടിവെച്ച പലകക്കഷണത്തില്‍ തല നീട്ടി വെച്ച് കിടക്കുമ്പോള്‍ ആരൊക്കെയോ കാറില്‍ ഗെയ്റ്റ് കടന്നു വരുന്നത് അവള്‍ കണ്ടു. ഹൈദരാലിയുടെ കത്തി ഉയര്‍ന്നു താഴുന്നത് ഒരു മിന്നായം പോലെ കണ്ടപ്പോള്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
The End
Nice work, Manoj