ചില തുണ്ട് കഥകള്‍- ഭാഗം ആറ്

sinton2

ധീരന്‍

പ്രശ്നബാധിത മേഖലയിലെ പതിവ് പട്രോളിങ്ങിനിടയിലാണ് ആ പട്ടാളക്കാരെ വാഹനത്തിനൊപ്പം ഭീകരര്‍ റാഞ്ചിയത്‌. അവര്‍ നാലുപേരാണ് ഉണ്ടായിരുന്നത്. പട്ടാള വേഷത്തിലുള്ള മൂന്നു പേരും സാധാരണക്കാരനെ പോലെ തോന്നിപ്പിച്ച നാലാമനും.

നാലുപേരെയും നാലു വ്യത്യസ്ഥ സ്ഥലങ്ങളിലേക്ക് മാറ്റിയ ഭീകരര്‍ അവരോട് വീഡിയോ ക്യാമറയ്ക്ക് മുന്നില്‍ വച്ച് രാജ്യത്തിനെതിരെ സംസാരിക്കുവാനും മോചനദ്രവ്യമായി ഭീമമായ തുക സര്‍ക്കാരിനോട് ആവശ്യപ്പെടാനും നിര്‍ദേശിച്ചു.  എതിര്‍ത്ത ഒന്നാമന്‍ വെടിയുണ്ടകള്‍ക്കിരയായി. രണ്ടാമനെ ഭീകരര്‍ തല്ലിച്ചതച്ച് മൃതപ്രായനാക്കുകയും അനന്തരം പാറക്കെട്ടുകള്‍ക്കു മുകളില്‍ നിന്ന് താഴേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. ഇതെല്ലാം കണ്ടു ഭയന്നു പോയ മൂന്നാമന്‍ ശത്രുക്കള്‍ പറഞ്ഞു തന്നത് ക്യാമറയ്ക്ക് മുന്നില്‍ ആവര്‍ത്തിച്ച് തല്‍ക്കാലത്തേക്ക് തടി രക്ഷിച്ചു.

ഇത്രയൊക്കെ നടന്നിട്ടും നാലാമന്‍ ഒരു കൂസലുമില്ലാതെ നില്‍ക്കുന്നത് കണ്ട് ഭീകര സംഘം അമ്പരന്നു. അയാള്‍ ശത്രുക്കളെ നോക്കി ഇടയ്ക്കിടെ പുഞ്ചിരിക്കുകയും എന്നാല്‍ അവരുടെ ആവശ്യത്തിനു മുന്നില്‍ മൌനം പാലിക്കുകയും ചെയ്തു. മര്‍ദനമേറ്റപ്പോള്‍ അയാള്‍ ഉറക്കെ ദൈവത്തെ വിളിക്കുക മാത്രം ചെയ്തു.

ഇയാള്‍ പട്ടാളത്തിലെ ഏതെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും. അതുകൊണ്ടാണ് ഇത്രയൊക്കെ അടി കൊണ്ടിട്ടും ഒരു കൂസലുമില്ലാതെ നില്‍ക്കുന്നത് : പീഡനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത തീവ്രവാദി കൂട്ടാളിയോടു പറഞ്ഞു.

ഹേയ് അതാവില്ല. വേദനിക്കുമ്പോള്‍ ഉറക്കെ ദൈവത്തെ വിളിക്കുന്നത് കണ്ടില്ലേ ? ഇയാള്‍ കടുത്ത ഈശ്വര വിശ്വാസിയായിരിക്കും. ദൈവം ഈ സന്ദര്‍ഭത്തില്‍ രക്ഷയ്ക്കെത്തുമെന്ന് അയാള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നുണ്ട് : കൂട്ടാളി തന്‍റേതായ നിഗമനത്തിലെത്തി.

നാലാമന്‍റെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടോ എന്തോ പോര്‍വിമാനങ്ങളുടെ അകമ്പടിയോടെ അപ്രതിക്ഷിതമായി ഇരച്ചെത്തിയ പട്ടാളം തീവ്രവാദികളെ വകവരുത്തുകയും അവശേഷിച്ച രണ്ടു പേരെയും രക്ഷപ്പെടുത്തുകയും ചെയ്തു. അപ്പോഴും ‘ധീരനാ’യ ആ പട്ടാളക്കാരന്‍ ശാന്തത കൈവിട്ടില്ല. അതുകണ്ട് അത്ഭുതപ്പെട്ട ഒരു കമാന്‍റോയോട് മടക്കയാത്രക്കിടയില്‍ മേലധികാരി ഇങ്ങനെ മൊഴിഞ്ഞു:

അയാള്‍ നമ്മുടെ ഒരു ഇന്‍ഫോര്‍മറാണ്. ബധിരനായത് കൊണ്ട് പറയുന്നതൊന്നും അത്ര പെട്ടെന്ന് അയാള്‍ കേള്‍ക്കില്ല. ബുദ്ധിക്കുറവുള്ളതു കൊണ്ട് കാര്യമില്ലാതെ ഇടയ്ക്കിടെ ചിരിക്കുകയും ചെയ്യും. അങ്ങനെയുള്ളവര്‍ ചില സമയങ്ങളില്‍ ധീരന്‍റെ ഫലം ചെയ്യും.

എല്ലാം കണ്ടും കേട്ടും നിന്ന ധീരന്‍ വെറുതെ ചിരിക്കുകയും രക്ഷപ്പെട്ടതിന്‍റെ ആഹ്ളാദ സൂചകമായി അവ്യക്തമായ ചില ശബ്ദവീചികള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

The End


കല്‍പ്പന

ഏട്ടന്‍ എപ്പോള്‍ വിളിച്ചാലും ഇറങ്ങിവരാന്‍ ഞാന്‍ തയ്യാറാണ് : റസ്റ്റോറന്‍റിലെ ഇരുണ്ട വെളിച്ചത്തില്‍ വിഷണ്ണനായി ഇരിക്കുന്ന ജോണിന്‍റെ കൈകള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് കല്‍പ്പന പറഞ്ഞു. ആ നിമിഷം അവളുടെ കണ്ണുകളില്‍ പ്രണയം നിറഞ്ഞു തുളുമ്പുകയാണെന്ന് അയാള്‍ക്ക് തോന്നി.

പപ്പ ഒരു കുറവും അറിയിക്കാതെയാണ് എന്നെ വളര്‍ത്തിയത്. പക്ഷെ നമ്മുടെ ഈ ബന്ധത്തിന് വേണ്ടി എല്ലാം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്. : തന്‍റെ സാന്നിധ്യവും വാക്കുകളും അയാളില്‍ യാതൊരുവിധ മാറ്റവും ഉണ്ടാക്കുന്നില്ല എന്നു തിരിച്ചറിഞ്ഞെങ്കിലും കല്‍പ്പന തുടര്‍ന്നു. മുന്നിലുള്ള ഫ്രൂട്ട് സാലഡില്‍ അവള്‍ സ്പൂണ്‍ കൊണ്ട് ചിത്രങ്ങള്‍ വരച്ചു.

മലയാള സിനിമയിലെ പ്രമുഖയായ പുതു തലമുറ ഗായികയാണ് കല്‍പ്പന. അടുത്ത കാലത്തു വന്‍ തരംഗമായ ഒരു പ്രണയ സിനിമയിലെ മെലഡിയുള്‍പ്പടെ ഒരു ഡസനിലേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ അവര്‍ പാടിയിട്ടുണ്ട്. ജോണ്‍ പ്രശസ്തമായ ഒരു സിനിമാ കുടുംബത്തില്‍ നിന്നാണ് വരുന്നത്. പയനിയര്‍ പിക്ചേഴ്സിന്‍റെ ഉടമയും പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമൊക്കെയായ ജോസഫ് അഗസ്റ്റിന്‍റെ ഏക മകന്‍.

നമ്മുടെ ഈ ബന്ധത്തെ വീട്ടുകാര്‍ അംഗികരിക്കില്ലെന്നാണോ നീ പറഞ്ഞു വരുന്നത് ? :  ജോണ്‍ അറിയാതെ ചോദിച്ചു പോയി.

അത് ജോണ്‍, നിനക്ക് അറിയാവുന്നതല്ലേ നമ്മള്‍ രണ്ടും വ്യത്യസ്ഥ മതക്കാര്‍. പോരാത്തതിന് എന്‍റെ പപ്പ ഓര്‍ത്തഡോക്സുമാണ്. പക്ഷേ ഞാനതൊന്നും കാര്യമാക്കുന്നില്ല. എല്ലാം അറിഞ്ഞുകൊണ്ടല്ലേ നമ്മള്‍ സ്നേഹിക്കാന്‍ തുടങ്ങിയത് ? : അവള്‍ കാതരയായി ചോദിച്ചപ്പോള്‍ ജോണിന് സത്യം പറയാതിരിക്കാന്‍ കഴിഞ്ഞില്ല.

കല്‍പ്പന, നീ കരുതുന്നത് പോലെയല്ല കാര്യങ്ങള്‍. അടുത്തിടെ ഞങ്ങളെടുത്ത ബിഗ്‌ ബജറ്റ് പടം പൊളിഞ്ഞത് നിനക്കും അറിയാമല്ലോ. മധുരയിലുള്ള പ്രോപ്പര്‍ട്ടി പോലും വിറ്റിട്ടാ അച്ഛന്‍ അതിനുള്ള പണമിറക്കിയത്. പക്ഷെ എല്ലാം വെറുതെയായി. എങ്ങനെയും ആ നഷ്ടത്തില്‍ നിന്ന് കര കയറാനായിട്ടാ കഴിഞ്ഞ ദിവസമിറങ്ങിയ തമിഴ് പടത്തിന്‍റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് വാങ്ങിച്ചത്. അതും റെക്കോര്‍ഡ് തുകയ്ക്ക്. ഇപ്പോള്‍ അതും കയ്യില്‍ നിന്ന് പോകുന്ന ലക്ഷണമാ. ബാങ്കില്‍ നിന്നുള്ള ഭീഷണി വേറെയും. എന്താ വേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.: ജോണ്‍ അസ്വസ്ഥതയോടെ ചുറ്റും കണ്ണോടിച്ചു. അതിനിടയില്‍ തന്‍റെ വിഷമം മറ്റുള്ളവര്‍ അറിയാതിരിക്കാനും അയാള്‍ ശ്രദ്ധിച്ചു.

എല്ലാം ശരിയാകും. നീ വിഷമിക്കാതിരിക്ക്………: പെട്ടെന്നുണ്ടായ ആഘാതത്തില്‍ നിന്ന് മുക്തയായ കല്‍പ്പന അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ജോണിന്‍റെ സാമ്പത്തിക നില പരുങ്ങലിലാണെന്ന് സിനിമാ രംഗത്തെ പപ്പരാസികള്‍ വഴി അവള്‍ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും നേരില്‍ കേള്‍ക്കുന്നത് വരെ അതൊന്നും വിശ്വസിച്ചിരുന്നില്ല.

ഇപ്പോ താമസിക്കുന്ന വീട് പോലും ഏത് നിമിഷവും പോകും. പിന്നെ നീയുള്ളതാ എന്‍റെ ഏക ആശ്വാസം. എല്ലാം ഒന്നു കലങ്ങിത്തെളിയട്ടെ ഞാന്‍ നിന്‍റെ കാര്യം വീട്ടില്‍ അവതരിപ്പിക്കുന്നുണ്ട്. അവിടെ എന്‍റെ ആഗ്രഹത്തിന് ആരും എതിര് നില്‍ക്കില്ല. : ജോണ്‍ പതുക്കെ അവളുടെ കയ്യില്‍ പിടിച്ചു. അടുത്തടുത്തുള്ള തീന്മേശകളിലെ ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും തങ്ങള്‍ തനിച്ചാണെന്ന് ആ കമിതാക്കള്‍ക്ക് തോന്നി. പക്ഷെ കാര്യങ്ങള്‍ അറിഞ്ഞു കഴിഞ്ഞപ്പോള്‍ കല്‍പ്പനയിലെ പ്രണയഭാവത്തിനു തിളക്കം കുറഞ്ഞോ എന്ന ചിന്ത അയാളുടെ മനസിനെ ചെറുതായി ഉലച്ചു.

കാമുകനോടുള്ള സ്നേഹത്തെക്കാള്‍ പ്രായോഗിക ജീവിതത്തിനു പ്രാധാന്യം കൊടുത്ത കല്‍പ്പന അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുതിയ പ്രണയം തുടങ്ങി എന്നതാണ് ഈ കഥയുടെ ബാക്കിപത്രം. വര്‍ഷങ്ങള്‍ നീണ്ട ആ ബന്ധം കൈവിട്ടെങ്കിലും അവളിലെ കാപട്യത്തെ തിരിച്ചറിഞ്ഞ ജോണ്‍ അപ്രതിക്ഷിതമായി വീണു കിട്ടിയ സൂപ്പര്‍താര സിനിമയിലൂടെ ജീവിതം തിരികെ പിടിക്കാനുള്ള ഓട്ടത്തിലുമാണ്. അതിനിടയില്‍ മലയാളത്തിലെ പ്രമുഖയായ ഒരു യുവ നായികയുടെ ഹൃദയത്തില്‍ അയാള്‍ ഇടം പിടിച്ചിട്ടുണ്ടെന്നും അവര്‍ താമസിയാതെ വിവാഹിതരാകുമെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് കേള്‍ക്കുന്നു.

The End


ഒരു ചോട്ടാ പുരാണം

ഇക്കുറി ഏതായാലും എനിക്കൊരു സീറ്റ് വേണം. ഇല്ലെങ്കില്‍ നാട്ടില്‍ മാത്രമല്ല വീട്ടില്‍ കൂടി എനിക്ക് വിലയില്ലാതാകും.

: പാര്‍ട്ടിയുടെ ചോട്ടാ നേതാവ് സംസ്ഥാന നേതാവിനോട് പറഞ്ഞു.

തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന എന്‍റെ മകന് വേണ്ടി പോലും മുന്നണിയില്‍ നിന്ന് സീറ്റ് നേടിയെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നെയാ……. അടുത്ത പ്രാവശ്യം നോക്കാം. : ഘടകകക്ഷി നേതാവ് നിസ്സഹായതയോടെ മൊഴിഞ്ഞു.

ജയസാധ്യതയുള്ളത് തന്നെ വേണമെന്നില്ല. മറ്റവന്മാരുടെ ഉറച്ച സീറ്റായാലും മതി. ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം  : ചോട്ടാ കുറച്ചു കൂടി വിനയാന്വീതനായി.

നേതാവ് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

എങ്കില്‍ ഏതെങ്കിലും ലിസ്റ്റില്‍ കയറിപറ്റാന്‍ വഴിയുണ്ടോ ? അങ്ങനെയാണെങ്കില്‍ ഭാര്യയുടെ മുന്നിലെങ്കിലും ഒന്നു പിടിച്ചു നില്‍ക്കാമായിരുന്നു. : അവസാന പ്രതിക്ഷയെന്നോണം ചോട്ടാ ചോദിച്ചു. നേതാവ് പക്ഷേ മുഖം വെട്ടിച്ച് കാറില്‍ കയറിപ്പോയി.

എന്തോ കളഞ്ഞുപോയ അണ്ണാനെ പോലെ നിരാശനായി നടക്കുമ്പോഴാണ് തെക്കു ദേശത്തുള്ള ഏതോ നേതാവ് പാര്‍ട്ടി സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ കലഹിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയ വാര്‍ത്ത ചോട്ടായുടെ കാതുകളിലെത്തിയത്. ഉടനെ പരശുറാമില്‍ കയറി അയാള്‍ തെക്കോട്ട്‌ വച്ചു പിടിച്ചു.

നേരം ഇരുട്ടി വെളുക്കുന്നതിനു മുമ്പ് മറുകണ്ടം ചാടിയ അയാള്‍ പുതിയ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും സ്ഥാനാര്‍ഥിയുമൊക്കെയായി. വോട്ട് പിടിക്കാനും ചെയ്യാനും പത്തുപേര് തികച്ചില്ലെങ്കിലെന്താ ബാലറ്റ് പേപ്പറിലും പത്രത്തിലും സ്വന്തം പേര് അച്ചടിച്ചു കണ്ടതോടെ അയാള്‍ സ്വയം കൃതാര്‍ത്ഥനായി. ആ സംതൃപ്തി പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവുമായി അയാള്‍ ജനസേവനം ഇനിയും തുടരും.

The End


 ബിരിയാണി

അയാള്‍ക്ക് ചിക്കന്‍ ബിരിയാണി ഒരുപാട് ഇഷ്ടമായിരുന്നു.

മീന്‍ ഇല്ലാതെ അയാള്‍ക്ക് ചോറ് ഇറങ്ങിയിരുന്നില്ല.

ബീഫ് ഇല്ലാത്ത ഞായറാഴ്ചകള്‍ വിരസമായി തോന്നി.

മാസത്തിലൊരിക്കലെങ്കിലും മട്ടന്‍ കറി വച്ചില്ലെങ്കില്‍ ഭാര്യയോട് വഴക്ക് കൂടുക അയാളുടെ പതിവായിരുന്നു.

സുഹൃത്തുക്കളോടൊപ്പം കൂടുന്ന മദ്യപാന സദസുകളില്‍ കാട പൊരിച്ചതിനും താറാവിറച്ചിക്കും വേണ്ടി അയാള്‍ നിര്‍ബന്ധം പിടിച്ചു.

ഒരു രാത്രിയില്‍ സ്വപ്നത്തില്‍ അയാള്‍ ആടായി മാറി. അത് വിശാലമായ ഒരു മൈതാനത്തില്‍ പുല്ലു മേയുകയായിരുന്നു.തദ്സമയം അവിടെയെത്തിയ ആജാനബാഹുക്കളായ രണ്ടു പേര്‍ അയാളെ തട്ടിക്കൊണ്ട് പോകുകയും അയാളുടെ കണ്‍മുന്നില്‍ വച്ച് ഏക മകനെ കൊന്നു തിന്നുകയും ചെയ്തു. അയാള്‍ കരഞ്ഞു നിലവിളിച്ചെങ്കിലും അത് കാര്യമാക്കാതെ അവര്‍ വ്യാജചാരായത്തിനൊപ്പം അയാളെ കറി വച്ച് വിളമ്പാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

പുലര്‍ച്ചെ അഞ്ചു മണിക്കുള്ള ക്ലോക്കിന്‍റെ മണിയൊച്ചയാണ് അയാളെ കൊലക്കത്തിയില്‍ നിന്നു രക്ഷിച്ചത്. പക്ഷേ നടുങ്ങി വിറച്ച അയാള്‍ ഫാനിന്‍റെ തണുപ്പിലും വിയര്‍ത്തൊലിച്ചു.

അന്നു മുതല്‍ അയാള്‍ വെജിറ്റേറിയനായി.

The End


റോബോട്ട്

ഉണ്ണിക്കുട്ടന്‍ കീ കൊടുത്തപ്പോള്‍ റോബോട്ട് ചലിക്കാന്‍ തുടങ്ങി.

അത് പാല്‍ ചൂടാക്കി അവന് ആറ്റിക്കൊടുത്തു, കുളിപ്പിച്ചു, ചോദിച്ച പലഹാരം ഉണ്ടാക്കിക്കൊടുത്തു.

സ്കൂളില്‍ പോകാന്‍ തയ്യാറായ ചേച്ചിയെ റോബോട്ട് ഒരുക്കുന്നതും അവളുടെ ലഞ്ച് ബോക്സ് നിറച്ചു കൊടുക്കുന്നതുമെല്ലാം അവന്‍ കണ്‍നിറയെ നോക്കി നിന്നു.

ഓഫീസില്‍ പോകാനിറങ്ങിയ അച്ഛന്‍ പുറത്തുനിന്ന് വിളിച്ചപ്പോള്‍ അത് പെട്ടെന്ന് ഓടിച്ചെന്നു. കണ്ണട മറന്ന അച്ഛന്‍ അതു കൊണ്ടു വരാന്‍ വേണ്ടി വിളിച്ചതാണ്.റോബോട്ട് അതു കൊണ്ടു കൊടുത്തപ്പോള്‍ അദ്ദേഹം ധൃതിയില്‍ പടിക്കെട്ടുകളിറങ്ങിപ്പോയി.

ഇടക്ക് മുറ്റം അടിച്ചുവാരാനും സുഖമില്ലാത്ത ഉണ്ണിക്കുട്ടന് മരുന്നെടുത്തു കൊടുക്കാനും യന്ത്രം സമയം കണ്ടെത്തി. നേരത്തെ പ്രോഗ്രാം ചെയ്തു വച്ചത് പോലെ മറ്റെല്ലാവര്‍ക്കും കൃത്യ സമയത്ത് വച്ചു വിളമ്പിയ റോബോട്ട് ഇത്ര നേരമായിട്ടും സ്വന്തമായി ഇന്ധനം നിറയ്ക്കാത്തത് ആ കുഞ്ഞു മനസിനെ അത്ഭുതപ്പെടുത്തി. അതേക്കുറിച്ച് നേരിട്ടു ചോദിക്കാന്‍ തന്നെ അവനുറച്ചു.

അമ്മേ, അമ്മേ ഇത്ര നേരമായിട്ടും അമ്മ ഒന്നും കഴിച്ചില്ലല്ലോ. അമ്മയ്ക്ക് വിശക്കുന്നില്ലേ ? : കുഞ്ഞിക്കണ്ണുകള്‍ വലുതാക്കിക്കൊണ്ട് അവന്‍ ചോദിച്ചു.

ഉണ്ട് മോനേ, പക്ഷേ കുറച്ചു ജോലി കൂടി ബാക്കിയുണ്ട്. അതു കൂടി കഴിഞ്ഞ് അമ്മ കഴിച്ചോളാം. മോനിപ്പോ പോയി കളിച്ചോ………….ഉച്ചക്ക് അമ്മ പായസം ഉണ്ടാക്കിത്തരാം……….. : യന്ത്രം പറഞ്ഞു.

ഉണ്ണിക്കുട്ടന് സന്തോഷമായി. കുഞ്ഞിപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് അവന്‍ കളിപ്പാട്ടങ്ങളുടെ ലോകത്തേക്ക് ഓടിപ്പോയി.

The End

വായിക്കുക

ചില തുണ്ട് കഥകള്‍- ഭാഗം അഞ്ച്

ചില തുണ്ട് കഥകള്‍-ഭാഗം നാല്

ചില തുണ്ട് കഥകള്‍-ഭാഗം മൂന്ന്

ചില തുണ്ട് കഥകള്‍-ഭാഗം രണ്ട്

ചില തുണ്ട് കഥകള്‍- ഭാഗം ഒന്ന്


Image Credit: Instgreatwar

Leave a Comment

Your email address will not be published. Required fields are marked *