ശ്രദ്ധാഞ്ജലി

 

ശ്രദ്ധാഞ്ജലി 1

 

“എന്താ നീ എഴുതിയത് ?” : കണ്ണട വക്കുന്നതിനിടയില്‍ മാഷ് ചോദിച്ചു.

“പതിവ് വാചകം തന്നെ. നികത്താനാവാത്ത നഷ്ടം, കേരള രാഷ്ട്രീയത്തിലെ കര്‍മ്മ യോദ്ധാവ്, മഹാനായ മനുഷ്യ സ്നേഹി എന്നൊക്കെ കാച്ചിയിട്ടുണ്ട്.വേണമെങ്കില്‍ മാഷുമായുള്ള പഴയ ബന്ധത്തെ കുറിച്ചും രണ്ടു വാചകം ചേര്‍ക്കാം.” : പ്രകാശന്‍ തുറന്നു കിടന്ന തന്‍റെ ഷര്‍ട്ടിന്‍റെ ബട്ടണ്‍സ് നേരെയാക്കുന്നതിനിടയില്‍ പറഞ്ഞു.

“ഇത് മതി”: കടലാസിലേക്ക് ആകപ്പാടെ കണ്ണോടിച്ചു കൊണ്ട് മാഷ് അയാളെ നോക്കി. : “കൂട്ടത്തില്‍, ചില പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയില്‍ കൊള്ളാവുന്ന ഒരാള്‍ ഇയാള്‍ മാത്രമായിരുന്നു എന്നു കൂടി എഴുതിയേക്ക്…………..”

പ്രകാശന്‍ തലയാട്ടി.

“നീ അവരോട് അകത്തേക്ക് വരാന്‍ പറ. അപ്പോഴേക്കും ഞാന്‍ ഈ വേഷമൊന്ന് മാറാം.” : ഗോപിനാഥന്‍ മാഷ് അകത്തേക്ക് നടന്നു.

പത്തു മിനിറ്റ്. ഏറിയാല്‍ പതിനഞ്ച്. അതിനുള്ളില്‍ ക്യാമറകളോട് പറയാനുള്ളതെല്ലാം പറഞ്ഞ് മാഷ് എഴുന്നേറ്റു. അദ്ദേഹത്തിന് പഴയ കൂട്ടുകാരനോട് ശത്രുതയൊന്നുമില്ലെന്നും എല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണെന്നും മാധ്യമ പ്രവര്‍ത്തകരും അതിനകം മനസിലാക്കി കഴിഞ്ഞിരുന്നു.

കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞപ്പോള്‍ അധികം വൈകാതെ തന്നെ എല്ലാവരും പിരിഞ്ഞുപോയി. നായരെ അവസാനമായി കാണാന്‍ മാഷ് പോകും എന്നു പറഞ്ഞതു കൊണ്ട് ക്യാമറകളുടെ അടുത്ത ഊഴം കോര്‍പ്പറേഷന്‍ ഹാളിലാണെന്ന് പ്രകാശന്‍റെ മനസ്സ് പറഞ്ഞു.

“ദൈവം ഇല്ല എന്നു ചിലര്‍ പറയുന്നത് വെറുതെയാണ്, അല്ലേ പ്രകാശാ ?” : പ്രഭാത ഭക്ഷണം കഴിച്ച് എഴുന്നേല്‍ക്കുന്നതിന് മുമ്പായി മാഷ് അയാളോട് ചോദിച്ചു. അദ്ദേഹം എന്താണ് പറഞ്ഞു വരുന്നതെന്ന് പ്രകാശന് പെട്ടെന്നു മനസിലായില്ല.

ഓര്‍മ വച്ച നാള്‍ മുതല്‍ ദൈവമില്ല എന്നു പറഞ്ഞ മനുഷ്യന്‍. ശബരിമലയിലും ഗുരുവായൂരും താന്‍ മുടങ്ങാതെ പോകുന്നത് കണ്ട് അദ്ദേഹം കളിയാക്കുക വരെ ചെയ്തിട്ടുണ്ട്. ആ ആള്‍ എന്താണ് പറഞ്ഞു വരുന്നതെന്നറിയാതെ പ്രകാശന്‍ തുറിച്ചു നോക്കുക മാത്രം ചെയ്തു.

“നീ വിചാരിച്ചത് ശരിയാണ്. നിന്‍റെ വിശ്വാസത്തെ ഞാന്‍ പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. പക്ഷേ ഇനി ഏത് ദൈവത്തെ ചോദ്യം ചെയ്താലും കുന്നത്തൂര്‍ ഭദ്രകാളിയെ മാത്രം ഞാന്‍ അവിശ്വസിക്കില്ല. കാരണം നീ അവിടെ എന്‍റെ പേരില്‍ ശത്രുസംഹാര പൂജ നേര്‍ന്നതില്‍ പിന്നെയാണല്ലോ ഈ പറഞ്ഞതൊക്കെ നടന്നത്. 21 ദിവസത്തിനുള്ളില്‍ ഫലം നിശ്ചയം എന്നാ നീ പറഞ്ഞത്. ഇന്ന്‍ പതിനാലാം ദിവസമാണ്. അപ്പോഴേക്കും ശത്രു അരങ്ങൊഴിഞ്ഞു.” : ചിരിച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റ് വാഷ് ബേസിനു നേരെ നടന്നു.

Read  കാമില്ലയുടെ രണ്ടാം വരവ് 

മാഷിന് താല്പര്യമില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി പ്രകാശന്‍ ഗുരുവായൂരും ചോറ്റാനിക്കരയിലും മൂകാംബികയിലുമൊക്കെ മുടങ്ങാതെ വഴിപാടുകള്‍ നടത്താറുണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യവും അഭിവൃദ്ധിയും അയാള്‍ക്ക് അത്ര മാത്രം പ്രധാനപ്പെട്ടതായിരുന്നു. വളരെ ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ട പ്രകാശനെ കൂടെ നിര്‍ത്തി പഠിപ്പിച്ചത് പോലും അദ്ദേഹമാണ്. മാഷിന്‍റെ മകന്‍ ജയചന്ദ്രന്‍ സിംഗപ്പൂരില്‍ ഉദ്യോഗസ്ഥനാണ്. മകള്‍ കുടുംബത്തോടൊപ്പം ഇറ്റലിയില്‍ സ്ഥിരതാമസവും. പ്രകാശന്‍ അടുത്തുള്ളത് കൊണ്ട് അച്ഛന്‍റെയും അമ്മയുടെയും കാര്യത്തില്‍ ആകുലതയൊന്നുമില്ലെങ്കിലും വിശേഷങ്ങള്‍ തിരക്കി ആഴ്ചയില്‍ ഒരിക്കലെങ്കിലും അവര്‍ വിളിക്കും.

“അവന്‍ എനിക്കു ചെയ്ത ദ്രോഹങ്ങള്‍ക്കൊന്നും കണക്കില്ല. ഇല്ലാത്ത കൈക്കൂലിയും ഫണ്ട് തട്ടിപ്പും ഉയര്‍ത്തിക്കൊണ്ട് വന്ന്‍ എന്‍റെ മന്ത്രിസ്ഥാനം തെറിപ്പിച്ചത് വരെ ആ നാറിയാണ്…………” : പ്രകാശന്‍ എടുത്തുകൊടുത്ത ടവ്വലില്‍ കൈ തുടക്കുന്നതിനിടയില്‍ ഗോപിനാഥന്‍ മാഷ് പറഞ്ഞു. അപ്പോള്‍ അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. അത്ര ദേഷ്യത്തോടെ പ്രകാശന്‍ അദ്ദേഹത്തെ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. പുറത്തു പറഞ്ഞതല്ല, മാഷ് തന്‍റെ രാഷ്ട്രീയ എതിരാളിക്ക് അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ആദരാഞ്ജലി ഇതാണെന്ന് പ്രകാശന് തോന്നി.

നാരായണിയമ്മ ഇടക്ക് ഡസ്ക്ക് വൃത്തിയാക്കാന്‍ വന്നെങ്കിലും പറഞ്ഞതൊന്നും കേട്ടതായി തോന്നിയില്ല. അവര്‍ക്ക് ചെവി പതുക്കെയാണ്.പലപ്പോഴും അടുത്തു നിന്ന്‍ വിളിച്ചാല്‍ പോലും അവര്‍ കേള്‍ക്കാറില്ല. അടുത്തുള്ള ചേരിയിലെ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് അവരുടെ താമസം. ഇവിടെ താമസിക്കാമെന്ന് മാഷും ടീച്ചറും പലകുറി പറഞ്ഞെങ്കിലും സ്വന്തം വീട് വിടാന്‍ അവര്‍ കൂട്ടാക്കിയില്ല.

“പിന്നെയും അവന്‍ വെറുതെയിരുന്നില്ല. ഞാന്‍ അത് ചെയ്തു, ഇത് ചെയ്തു, കോടികളുണ്ടാക്കി എന്നൊക്കെ പ്രചരിപ്പിച്ച് സംസ്ഥാന തലത്തില്‍ എന്നെ ഒന്നുമല്ലാത്തവനാക്കി. പാര്‍ട്ടിക്കാരും അത് വിശ്വസിച്ചപ്പോള്‍ എനിക്ക് ഇവിടെ കോഴിക്കോട് മാത്രമായി ഒതുങ്ങേണ്ടി വന്നു. തിരിച്ച് ഒരു രണ്ടു കൊല്ലം അവനെ അകത്തിടാനുള്ള പണി ഞാനും ഒരുക്കിയതാണ്. പക്ഷേ അപ്പോഴേക്കും അവന്‍ പോയി.” : നിരാശയോടെ ഗോപിനാഥന്‍ മാഷ് തുടര്‍ന്നു.

പ്രകാശന്‍ കയ്യില്‍ വച്ചു കൊടുത്ത ഗുളികകള്‍ ഒന്നു നോക്കുക പോലും ചെയ്യാതെ വായിലിട്ട് അദ്ദേഹം കുറച്ചു വെള്ളം കുടിച്ചു.

“ഞാന്‍ ഇറങ്ങുകയാ. നീ വരണ്ട. ഞാന്‍ ജോസഫിനെ കൂട്ടി പൊയ്ക്കോളാം. ആദ്യം ജില്ല കമ്മിറ്റി ഓഫീസിലൊന്നു കേറണം.മടങ്ങി വരുന്ന വഴിക്ക് ആ ചത്തു കിടക്കുന്നവനെയും ഒന്നു കാണണം. കൂട്ടത്തില്‍ അവന്‍റെ കേട്ട്യോളെയും കുട്ട്യോളെയും ഒന്നു ആശ്വസിപ്പിക്കുകയുമാവാം, അല്ലേ ?” : മാഷ് ചിരിച്ചുകൊണ്ട് പ്രകാശന്‍റെ തോളില്‍ തട്ടി പുറത്തേക്ക് നടന്നു.

അല്‍പനിമിഷത്തിനകം കാര്‍ അകന്നു പോകുന്ന ശബ്ദം കേട്ടു. കുറച്ചു കഴിഞ്ഞ് പ്രകാശന്‍ ഫ്രിഡ്ജില്‍ എന്തോ വയ്ക്കുന്നതിനിടയില്‍ ഹാളില്‍ നിന്ന്‍ ടിവിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു. ആരാണ് വന്നതെന്നറിയാന്‍ അയാള്‍ പുറത്തേക്ക് വന്നു. ബ്രാഞ്ച് മെമ്പര്‍ സുഭാഷാണ്. പ്രകാശനെ അഭിവാദ്യം ചെയ്തുകൊണ്ട് സ്ക്രീനില്‍ നിന്നു കണ്ണു മാറ്റാതെ തന്നെ അയാള്‍ അടുത്തുള്ള സോഫയില്‍ ഇരുന്നു.

ക്യാമറകള്‍ക്ക് മുന്നില്‍ വച്ച് അല്‍പം മുമ്പ് മാഷ് നല്‍കിയ വികാര നിര്‍ഭരമായ അനുശോചന സന്ദേശമാണ് ടിവിയില്‍ കാണിക്കുന്നത്.

അഥവാ ശ്രദ്ധാഞ്ജലി…………….

The End

 

Leave a Comment

Your email address will not be published. Required fields are marked *