മോദിയുടെ തന്ത്രങ്ങള്‍; പ്രതിമകളില്‍ കൂടി ഇന്ത്യ ലോകം കീഴടക്കുമ്പോള്‍

statue of unity

 

Photo: @PMOIndia

നരേന്ദ്ര മോദി തന്ത്രങ്ങളുടെ ആശാനാണെന്ന് പറയുന്നത് വെറുതെയല്ല. ഗുജറാത്തിലെ വികസനവും സ്വിസ് ബാങ്കിലെ കള്ളപ്പണവും ചൂണ്ടിക്കാട്ടി അച്ഛാ ദിന്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് അഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം അധികാരത്തില്‍ വന്നത്. പെട്രോളിയം വില വര്‍ദ്ധനവും അക്രമ സംഭവങ്ങളും കാരണം പൊറുതി മുട്ടിയ ജനം അന്ന് പറഞ്ഞ നല്ല നാളുകള്‍ എവിടെയെന്ന് തിരിച്ച് ചോദിച്ചു തുടങ്ങിയ സമയത്താണ് മോദിജി സാക്ഷാല്‍ പട്ടേലിനെ തന്നെ കൂട്ടു പിടിച്ചത്. അങ്ങനെ കേവലം അഞ്ചു വര്‍ഷം കൊണ്ട് സര്‍ദാര്‍ ലോകത്തിന്‍റെ നെറുകയിലെത്തി. 

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ പ്രതിമയായി നിന്നു കൊടുക്കുമായിരുന്നോ എന്നൊന്നും ചോദിക്കരുത്. ദേശീയതയും ടൂറിസവും സമാസമം ചേര്‍ത്ത മറ്റൊരു നവയുഗ കച്ചവട സംരംഭമാകുന്നു അത്. കണ്‍വെന്‍ഷന്‍ സെന്‍റര്‍, മ്യൂസിയം, ഓഫീസുകള്‍, പൂന്തോട്ടങ്ങള്‍ അങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് നര്‍മദയുടെ തീരത്ത് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ദൂര ദേശത്ത് നിന്ന് വരുന്നവര്‍ക്കായി മതിയാവോളം കുളിച്ചുണ്ട് താമസിക്കാനായി ഗസ്റ്റ് ഹൌസ് സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദേശീയത പരിപോഷിപ്പിക്കാനും പട്ടേലിന്‍റെ സംഭാവനകള്‍ മാലോകര്‍ ഓര്‍ക്കാനുമായി ഇതില്‍പ്പരം എന്തു വേണം. അതിനിടയില്‍ പ്രതിമയ്ക്കകത്ത് കേറാന്‍ 350 രൂപയുടെ ടിക്കറ്റ് എടുക്കണം എന്നതൊന്നും കാര്യമാക്കാനില്ല. അത്രയും കൊടുക്കാനില്ലാത്തവര്‍ക്ക് അദ്ദേഹത്തെ ദൂരെ നിന്നാണെങ്കിലും കാണാമല്ലോ. വെറുതെയാണോ 182 മീറ്റര്‍ പൊക്കത്തില്‍ പ്രതിമ ഉണ്ടാക്കിയത്? പാവപ്പെട്ടവരെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ല എന്ന് ഇനിയാരും പറയരുത്. 

പ്രതിമ നിര്‍മ്മിക്കുന്നതിന് പകരം പട്ടേലിന്‍റെ പേരില്‍ ലോക നിലവാരത്തിലുള്ള മെഡിക്കല്‍ കോളേജോ യൂണിവേഴ്സിറ്റിയോ തുടങ്ങിയാല്‍ പോരായിരുന്നോ എന്നാണ് ചില സംശയാലുക്കള്‍ ചോദിക്കുന്നത്. അങ്ങനെ ചെയ്താല്‍ നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുമെങ്കിലും ഇന്ത്യ ലോക രാജ്യങ്ങളില്‍ ഒന്നാമതെത്തില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? വികസന കാര്യങ്ങളില്‍ ബഹുദൂരം പിന്നിലായാലും പ്രതിമകളുടെ കാര്യത്തില്‍ എത്ര പെട്ടെന്നാണ് നമ്മള്‍ മറ്റുള്ളവരെ പിന്നിലാക്കിയത്. അമേരിക്കയും ചൈനയുമൊക്കെ നാണിച്ചു തല താഴ്ത്തട്ടെ. കൃത്രിമ ചന്ദ്രന്‍റെയും ബഹിരാകാശ ദൌത്യങ്ങളുടെയും റോബോട്ട് സൈന്യത്തിന്‍റെയും പിന്നാലേ പോയി സമയം കളയുന്ന അവരെ കുറിച്ചോര്‍ത്ത് നമുക്ക് സഹതപിക്കാം. 

ഐക്യത്തിന്‍റെ പ്രതിമയ്ക്ക് വേണ്ടി മൂവായിരം കോടി രൂപ മുടക്കിയെന്നും ആ തുകയുണ്ടായിരുന്നെങ്കില്‍ വേറെന്തൊക്കെ കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഇസ്രോയുടെ ആറ് ചൊവ്വാ ദൌത്യങ്ങള്‍, അഞ്ചു ഐഐഎമ്മുകള്‍, രണ്ടു ഐഐടികള്‍ എന്നിങ്ങനെ പലതും അവര്‍ കണക്കുകൂട്ടി പറയുന്നുണ്ട്. പണ്ഡിതര്‍ക്ക് അങ്ങനെ പലതും പറയാം. പൊതുജനങ്ങള്‍ക്ക് വിവരം കൂടിയാല്‍ എന്തൊക്കെ പൊല്ലാപ്പാണ് ഉണ്ടാകുകയെന്ന് നേതാക്കള്‍ക്കാണല്ലോ ശരിക്ക് അറിയാവുന്നത്. പ്രതിമകളാകുമ്പോള്‍ തിരിച്ചൊന്നും പറയില്ല, ടൂറിസത്തിന്‍റെ പേരില്‍ നാലു കാശ് കൊണ്ടു വരികയും ചെയ്യും. സ്വന്തം കുടുംബത്തോട് ഉദാരമനസ്ക്കരായ നേതാക്കളും ഉദ്യോഗസ്ഥവൃന്ദങ്ങളും ഉള്ളിടത്തോളം കാലം എത്ര കോടികള്‍ മുടക്കിയാലും ഇന്ത്യയിലെ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കില്ല എന്ന് വിദേശികള്‍ക്ക് പോലുമറിയാം. അതുകൊണ്ട് ആ നിലയ്ക്കുള്ള കുറ്റപ്പെടുത്തലുകളും കാര്യമാക്കാനില്ല. 

ഇന്ത്യയെ ലോകരാജ്യങ്ങളില്‍ ഒന്നാമതെത്തിക്കുമെന്ന് മോദിജിയും ബിജെപിയും നേരത്തെ തന്നെ പറയുന്നതാണ്. അത് പക്ഷേ പെട്രോളിയം വിലവര്‍ധനവിന്‍റെയും പ്രതിമകളുടെയും കാര്യത്തിലാണെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. കറന്‍സിയുടെ മൂല്യം പാതാളത്തോളം താഴ്ന്നു പോയ വെനിസ്വേലയും സിംബാബ്വേയും മാത്രമേ വിലവര്‍ദ്ധനവിന്‍റെ കാര്യത്തില്‍ നമുക്ക് മുന്നിലുള്ളൂ. അവിടെയൊക്കെ കെട്ടുക്കണക്കിന് നോട്ടുകളുമായിട്ടാണത്രേ ആളുകള്‍ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ വാങ്ങിക്കാന്‍ പോകുന്നത്. രൂപയുടെ മൂല്യം പരമാവധി കുറച്ച് ആ രാജ്യങ്ങളെ കൂടി പിന്നിലാക്കാന്‍ മോദിജി ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട്. സാമ്പത്തിക വിദഗ്ദ്ധനായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ജി പോലും നടക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ എന്നറിയുമ്പോഴാണ് നമ്മുടെ ഇന്നത്തെ പുരോഗതിയുടെ തോത് മനസിലാകുക. 

ഇതുകൊണ്ടൊന്നും തീരുന്നില്ല. സര്‍ദാര്‍ പ്രതിമയ്ക്ക് പിന്നാലേ ശിവജിയുടെ പ്രതിമ കൂടി വരുന്നതോടെ ഇന്ത്യയുടെ പ്രശസ്തി അങ്ങ് ബഹിരാകാശത്ത് വരെയെത്തും. മൂവായിരത്തി അറുന്നൂറു കോടി രൂപ ചിലവില്‍ മുംബൈ തീരത്ത് നിര്‍മ്മിക്കുന്ന പ്രതിമ 212 മീറ്റര്‍ ഉയരത്തിലായിരിക്കും തലയുയര്‍ത്തി നില്‍ക്കുക. ദാരിദ്യവും പട്ടിണിയും യഥേഷ്ടമുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ പ്രതിമകള്‍ അതോടെ ഇന്ത്യയുടെ പേരിലാകും. തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ പ്രതിമകള്‍ നിര്‍മിച്ചു കൊടുക്കാനും അതിനായി  ഇസ്രോയുടെ മാതൃകയില്‍ ഒരു പ്രത്യേക കോര്‍പ്പറേഷന്‍ രൂപീകരിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട് എന്നുകൂടി അറിയുന്നു. അതോടെ ഇവിടത്തെ ജോലി സാധ്യതകള്‍ വര്‍ദ്ധിക്കും. മോദിജിയുടെ ഈ രണ്ട് സ്വപ്ന പദ്ധതികളും പൂര്‍ത്തികരിച്ചു കഴിയുന്നതോടെ ചൈനയുടെ സ്റ്റീലിന്‍റെയും വെങ്കലത്തിന്‍റെയും ശേഖരം ഏതാണ്ട്  തീരുമെന്ന് പ്രത്യേകം പറയണ്ടല്ലോ. വിവിധ സ്ഥലങ്ങളിലായി അവര്‍ ഏറ്റെടുത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച് ആ രാജ്യം പാപ്പരാകുന്നതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണ് ഇല്ലാതാകുക. 

മോദിജിക്ക് തുല്യം മോദിജി മാത്രമെന്ന് ബിജെപി നേതാക്കള്‍ ഇടയ്ക്കിടെ പറയാറുണ്ട്. കേവലം രണ്ടു പ്രതിമകള്‍ കൊണ്ട് അദ്ദേഹം ഉണ്ടാക്കാന്‍ പോകുന്ന നേട്ടങ്ങള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ക്കും അത് ബോധ്യപ്പെടും. സൈനിക മുന്നേറ്റമോ വികസന വിപ്ലവമോ നടത്താതെ ചരിത്രത്തെ കൂട്ടു പിടിച്ച് ഒന്നാമത്തെത്താന്‍ കാണിച്ച ആ കുശാഗ്ര ബുദ്ധിയെ ആര്‍ക്കാണ് നമിക്കാതിരിക്കാന്‍ പറ്റുക? 

The End

Read 1962 അല്ല 2017

Leave a Comment

Your email address will not be published. Required fields are marked *