ഒരു രാജ്യം, രണ്ടു നീതി : ശ്രീശാന്ത് VS ശ്രീനിവാസന്‍

             കയ്യില്‍ പണവും വാദിക്കാന്‍ മള്ളിയൂര്‍ വക്കീലും ഉണ്ടെങ്കില്‍ ഈ നാട്ടില്‍ ആര്‍ക്കും ആരെയും കൊല്ലാം എന്നത് നാട്ടിന്‍പുറത്തെ ഒരു പഴയ ചൊല്ലാണെങ്കിലും അത് സത്യമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നേതൃത്വം ഒരിക്കല്‍ കൂടി തെളിയിച്ചു. ഇനിയും തെളിയിക്കപ്പെടാത്ത ആരോപണത്തിന്‍റെ പേരില്‍ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ ബിസിസിഐ അതിന്‍റെ പരമോന്നത അധ്യക്ഷനെതിരായ ആരോപണം കണ്ടില്ലെന്ന്‍ നടിച്ചു.

ഗുരുനാഥ് മെയ്യപ്പന്‍ കോഴ നല്‍കിയിട്ടില്ല, ശ്രീനിവാസന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മാടപ്രാവ്, എന്നാല്‍ ശ്രീശാന്ത് രാജ്യം കണ്ട ഏറ്റവും വലിയ ഒത്തുകളിക്കാരന്‍ എന്നതാണ് തുടക്കം മുതലേ ബിസിസിഐ കേസില്‍ എടുത്ത നിലപാട്. ധോണിക്കും മറ്റ് താരങ്ങള്‍ക്കും ഒത്തുകളി എന്താണെന്ന് അറിയുക പോലുമില്ല. പാവങ്ങള്‍. അതിനാല്‍ അവരെ സംശയിക്കുന്നത് പോലും പാപമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ മൂഡി ചൂഡാമന്നന്‍മാര്‍ ആദ്യമേ തന്നെ പറഞ്ഞു വെച്ചിരുന്നു. ശ്രീനിവാസനും കൂട്ടരും പരിപാവനമായി കൊണ്ടു നടന്ന ക്രിക്കറ്റ് എന്ന മഹത്തായ കളിയെ വെറും നാല്‍പ്പത് ലക്ഷം വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത ശ്രീശാന്ത് പക്ഷേ അജ്മല്‍ കസബിനെ പോലെ അഫ്സല്‍ ഗുരുവിനെ പോലെ ഒരു കടുത്ത രാജ്യ ദ്രോഹിയാണെന്ന കാര്യത്തില്‍ പക്ഷേ ആര്‍ക്കും സംശയമില്ലായിരുന്നു.

രാജ്യത്ത് ക്രിക്കറ്റിന് വേരുറച്ച കാലം മുതലേ കോഴക്കഥകളും പ്രചരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോജ് പ്രഭാകര്‍ കുടം തുറന്നു വിട്ട കോഴക്കളിയുടെ പിന്നാമ്പുറ കഥകള്‍ തുടക്കത്തില്‍ കൊടുങ്കാറ്റ് വിതച്ചെങ്കിലും താമസിയാതെ കെട്ടടങ്ങി. ആരോപണ വിധേയരുടെ ക്യാമറയ്ക്ക് മുന്നിലുള്ള കരച്ചിലും കുമ്പസാരവും പിന്നീടുള്ള സിബിഐ റെയ്ഡും കണ്ട കേസ് ഒതുക്കി തീര്‍ക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വവും കളിക്കളത്തിന് പുറത്തെ കളിക്കാരും മല്‍സരിച്ചപ്പോള്‍ വാദി പ്രതിയായി. മൈതാനത്ത് പതിനൊന്നു പേര്‍ ചേര്‍ന്ന് കളിക്കുന്നതല്ല ക്രിക്കറ്റെന്നും യഥാര്‍ത്ഥ കളി കളിക്കളത്തിന് പുറത്താണെന്നും പാവം കാണികള്‍ അതോടെ തിരിച്ചറിഞ്ഞു.

സ്വാധീനവും പണവും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ചെയ്യാം എന്നത് നമ്മുടെ രാജ്യത്തെ അലിഖിത നിയമമാണ്. അത് പലവട്ടം തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അങ്ങനെയായാല്‍ കോഴക്കേസില്‍ പിടിക്കപ്പെട്ട് കളിയില്‍ നിന്ന്‍ പുറത്തായാലും അസറുദിനെ പോലെ പാര്‍ലമെന്‍റില്‍ ഞെളിഞ്ഞിരിക്കാം, നിയമ നിര്‍മ്മാണത്തില്‍ പങ്കാളിയാകാം, കായിക രംഗത്തെ പരിപോഷിപ്പിക്കുന്നതിന്‍റെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രിയാകാനും സാധ്യതയുണ്ട്. വോട്ട് ബാങ്കാണ് അദേഹത്തിന്‍റെ കാര്യത്തിലെ മറ്റൊരു അനുകൂല ഘടകം. അതുമല്ലെങ്കില്‍ അജയ് ജഡേജയെ പോലെ ടീം ഇന്ത്യയുടെയും സച്ചിനെ പോലുള്ളവരുടെയും കളിയിലെ പോരായ്മകള്‍ വിലയിരുത്തുന്ന ക്രിക്കറ്റ് വിദഗ്ദ്ധനായി ചാനലിലെ എസി മുറിയില്‍ നിറഞ്ഞു നില്‍ക്കാം. ടോം ജോസഫിനെ പോലുള്ളവര്‍ കളിക്കളത്തില്‍ വിയര്‍ത്തു നേടുന്ന ജയങ്ങളെ അര്‍ജുന അവാര്‍ഡിന്‍റെ അളവ് കോലില്‍ തൂക്കി നോക്കി തെറ്റു കുറ്റങ്ങള്‍ കണ്ടുപിടിക്കുന്ന കമ്മിറ്റിയിലെ അംഗത്വമാണ് മറ്റൊരു സാധ്യത. ടോമിനെ പോലുള്ളവര്‍ ഇന്ത്യന്‍ കായിക രംഗത്ത് ഒന്നുമല്ലെന്നും അയാള്‍ ഇന്നുവരെ നയാ പൈസ പോലും കോഴ വാങ്ങിക്കാത്ത ഒന്നിനും കൊള്ളാത്തവനാണെന്നും അങ്ങനെയുള്ളവര്‍ വിധിക്കാനും ഇടയുണ്ട്. ജലദോഷത്തിനുള്ള മരുന്ന്‍ കഴിച്ചതിന്‍റെ പേരില്‍ രഞ്ജിത് മഹേശ്വരിയെ പോലുള്ളവര്‍ക്ക് അര്‍ജുന കൊടുക്കാനേ പാടില്ലെന്നും അവര്‍ പറയും.

ശ്രീശാന്തിന് തെറ്റ് പറ്റിയത് ഇവിടെയാണ്. രാഷ്ട്രീയ-കായിക നേതൃത്വങ്ങളെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ഒരു ഗോഡ് ഫാദര്‍ അദ്ദേഹത്തിന് ഇല്ലാതെ പോയി. ഇനിയും പുകമറയ്ക്കുള്ളിലുള്ള നാല്പത് ലക്ഷം വെള്ളിക്കാശിനു വേണ്ടി ശ്രീശാന്തിന് കുരിശില്‍ കയറേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്‍റെ തെറ്റില്‍ നിന്ന്‍ ഇനിയുള്ളവര്‍ പാഠം പഠിക്കട്ടെ. തന്ത്രങ്ങള്‍ മെനയാന്‍ കെല്‍പ്പുള്ള തന്ത്രഞ്ജനായ ഒരു ബോസ്, അതാവണം ക്രിക്കറ്റ് എന്ന ദൈവികമായ കളിയിലേക്ക് വലതുകാല്‍ വെച്ചിറങ്ങുന്ന എല്ലാവരുടെയും ആദ്യ ലക്ഷ്യം. കോഴക്കളിയില്‍ കയ്യിട്ടുവാരുന്നത് പിന്നീടുമതി. വിദേശത്തെ കാണാപ്പുറങ്ങളില്‍ നിന്ന്‍ ഒത്തുകളിയുടെ പേരില്‍ എത്ര കോടികള്‍ കൈ നീട്ടി വാങ്ങിയാലും ഉത്തരവാദപ്പെട്ടവര്‍ അപ്പോള്‍ കണ്ണടയ്ക്കും. അതിനെയാണ് ഒരു രാജ്യം, രണ്ടു നീതി എന്നു പറയുന്നത്.

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

Leave a Reply

Your email address will not be published. Required fields are marked *